Your Image Description Your Image Description
Your Image Alt Text

മീപ കാലത്തായി ഉത്തര – ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം കനക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ സംഘര്‍ഷം രൂക്ഷമാക്കി ഉത്തര കൊറിയ അതിര്‍ത്തിയിലുള്ള തങ്ങളുടെ പ്യോങ്യാങ് റേഡിയോ സ്റ്റേഷന്‍ (Pyongyang Radio station) അടച്ച് പൂട്ടി. ഉത്തര കൊറിയയിലുള്ള തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ദക്ഷിണ കൊറിയ ഈ റേഡിയോ സ്റ്റേഷനിലൂടെ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുവെന്ന് ഉത്തര കൊറിയ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. വോയ്സ് ഓഫ് കൊറിയ (Voice of Korea) എന്നും അറിയപ്പെടുന്ന റേഡിയോ പ്യോങ്യാങ് വിനോദ ഉള്ളടക്കത്തിന് പേരു കേട്ട റേഡിയോ സ്റ്റേഷനാണ്. ഈ റേഡിയോ സ്റ്റേഷനില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന നമ്പര്‍ സീകന്‍സുകള്‍ ഉത്തര കൊറിയന്‍ ഏജന്‍റുമാര്‍ക്കുള്ള എന്‍കോഡ് ചെയ്ത സന്ദേശങ്ങളാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ ആരോപണം.

ഉത്തര കൊറിയയുടെ റേഡിയോയും ടെലിവിഷനും കർശനമായ സർക്കാർ നിയന്ത്രണത്തിലാണ്, ഇതിലൂടെ പ്രധാനമായും കിം ജോംഗ് ഉന്നിനെ അഭിനന്ദിക്കുന്ന പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. അതേ സമയം വിദേശ ചാനലുകള്‍ക്ക് രാജ്യത്ത് പ്രക്ഷേപണാനുമതിയില്ല. കിം ജോങ് ഉന്നാണ് റോഡിയോ നിലയം താൽക്കാലികമായി പൂട്ടാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ മാസം നടന്ന രാജ്യത്തെ വര്‍ക്കേഴ്സ് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്ത ഇരുകൊറിയകളും തമ്മിലുള്ള ആഭ്യന്തര ബന്ധം പുനഃസംഘടിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഇതെന്നും കരുതപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തിന് യാതൊരു സ്ഥിരീകരണവുമില്ല.

റേഡിയോ സ്റ്റേഷന്‍ അടച്ച് പൂട്ടുന്നതിന്‍റെ ഭാഗമായി റേഡിയോ സ്റ്റേഷന്‍റെ വെബ്സൈറ്റ് നീക്കം ചെയ്തതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ഏതെങ്കിലും സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മുമ്പ് സർക്കാർ അനുമതി വാങ്ങണമെന്ന് കിം ജോംഗ് ഉൻ നിർദ്ദേശം നൽകിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1945-ൽ കിം ഇൽ സുങ്ങിന്‍റെ രണ്ടാം ലോകമഹായുദ്ധാനന്തര വിജയ പ്രസംഗം ആദ്യമായി പ്രക്ഷേപണം ചെയ്തത്  റേഡിയോ പ്യോങ്യാങ്ങാണ്. 2000 ൽ ഈ റേഡിയോ നിലയം താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാല്‍ 2016 ൽ പുനരാരംഭിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദക്ഷിണ – ഉത്തര കൊറിയകള്‍ തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. ഉത്തര കൊറിയ അതിര്‍ത്തികളില്‍ നിരന്തരം പീരങ്കി ആക്രമണങ്ങള്‍ നടത്തിയതായി ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *