Your Image Description Your Image Description

തവനൂർ : സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങി തവനൂർ-തിരുനാവായ പാലം നിർമാണം. പാലത്തിന്റെ രൂപരേഖയ്ക്ക് അംഗീകരിച്ച് കിട്ടാത്തതാണ് നിർമാണം വൈകാൻ കാരണം. ടെൻഡർ ഉറപ്പിച്ചിട്ട് വർഷമൊന്ന് കഴിഞ്ഞെങ്കിലും സാങ്കേതികക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ് നിർമാണം.

പാലം നിർമാണത്തിന് മുന്നോടിയായുള്ള മണ്ണുപരിശോധനയുൾപ്പെടെ എല്ലാം പൂർത്തിയായെങ്കിലും ടെൻഡർ തുകയുമായി ബന്ധപ്പെട്ടുള്ള സർക്കാർ അനുമതിക്കായി കുറേ കാത്തിരുന്നു. 48.88 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കമ്പനിയാണ് ഏറ്റെടുത്തിട്ടുള്ളത്. 42.88 കോടിരൂപയായിരുന്നു എസ്റ്റിറ്റിമേറ്റ് തുക.എസ്റ്റിമേറ്റിനേക്കാൾ ഉയർന്ന തുകയ്ക്ക് ടെൻഡർ ഉറപ്പിച്ചതിനാൽ സർക്കാർ അനുമതി ആവശ്യമാണ്. ഇതിനായി നിർമാണ ചുമതലയുള്ള റോഡ്‌സ് ആൻഡ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ സർക്കാരിനെ സമീപിച്ച് ഒരുവർഷം കഴിഞ്ഞാണ് അനുമതി ലഭിച്ചത്. പുത്തൻ സാങ്കേതികവിദ്യയാണ് പാലം നിർമാണത്തിന് ഉപയോഗപ്പെടുത്തുന്നത്. അതിനാൽ പാലത്തിന്റെ ഡിസൈനിന് സർക്കാർ അംഗീകാരം ആവശ്യമാണ്. അനുമതി വൈകുന്നതിനാലാണ് ഇപ്പോൾ നിർമാണം നീണ്ടുപോകുന്നത്.

630 ദിവസത്തിനിടയിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചരുന്നത്. സമീപന റോഡ് ഉൾപ്പെടെ 1180 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമാണ് നിർമാണം. 380 മീറ്ററാണ് സമീപനറോഡിന്റെ നീളം. പാലത്തിൽ രണ്ടുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും.

തവനൂരിലെ പാലവും കുമ്പിടി റഗുലേറ്റർ കംബ്രിഡ്ജും യാഥാർഥ്യമായാൽ കുറ്റിപ്പുറത്തിനും പൊന്നാനിയ്ക്കുമിടയിൽ ഭാരതപ്പുഴയിലുള്ള പാലങ്ങളുടെ എണ്ണം അഞ്ചാകും. 2009 ജൂലായ് 14-നാണ് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. 2021-ലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *