Your Image Description Your Image Description
Your Image Alt Text

കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ‘കുടുംബശ്രീ’ ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ട പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യം സംസ്ഥാനം ഏറെക്കുറെ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ വരുമാന വര്‍ദ്ധനവ് മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആളുകള്‍ അര്‍പ്പിച്ച വിശ്വാസവും 46 ലക്ഷത്തോളം വരുന്ന മനുഷ്യവിഭവശേഷിയുമാണ് കുടുംബശ്രീയുടെ പിന്‍ബലമെന്നും പുതിയ കുതിപ്പിനാണ് ഈ വര്‍ഷം കുടുംബശ്രീ തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലപ്പുറത്ത് നിന്നാംരംഭിച്ച പദ്ധതികള്‍ എന്നും വിജയം കൈവരിച്ചതായാണ് ചരിത്രമെന്നും വന്‍കിട ബ്രാന്റുകളോട് മത്സരിക്കാവുന്ന തരത്തില്‍ കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ജനകീയ പ്രസ്ഥാനത്തിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരും കുടുംബശ്രീ മിഷനും നടപ്പിലാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കുടംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി.

ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായിരുന്നു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, വാര്‍ഡംഗം കെ.എന്‍ ഷാനവാസ്, ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷബ്‌ന റാഫി, ജില്ലാ കറിപൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് വി. ബിന്ദു, തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *