Your Image Description Your Image Description

തിരുവനന്തപുരം: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ദേവാലയങ്ങൾ ഒരുങ്ങി. തിങ്കളാഴ്ചയാണ് ക്രിസ്‌മസ്. ഞായറാഴ്ച വിവിധ ദേവാലയങ്ങളിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട തിരുകർമങ്ങൾക്കു തുടക്കമാകും.

ഞായറാഴ്ച പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾ നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചയ്ക്കും ക്രിസ്‌മസ് കുർബാന ഉണ്ടാകും. തിരുവനന്തപുരം ലത്തീൻ അതിരൂപത, മലങ്കര കത്തോലിക്കാസഭ, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക, സിറോ മലബാർ സഭ എന്നിവയുടെ സഭാ ആസ്ഥാനങ്ങളിലെ ദേവാലയങ്ങളിൽ മതാധ്യക്ഷന്മാർ കുർബാനയ്ക്ക് നേതൃത്വം നൽകും. പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ ഞായറാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികനായിരിക്കും.

പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഉണ്ടാകും. പാളയം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 11.30-ന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് എം.നെറ്റോ മുഖ്യകാർമികനായിരിക്കും. പി.എം.ജി. ലൂർദ് ഫൊറോന പള്ളിയിൽ രാത്രി 11.45-ന് ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിക്കും.വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ രാത്രി 11.30-ന് ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിക്കും. പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ തിരുക്കർമങ്ങൾ വൈകീട്ട് ആറിന് ആരംഭിക്കും.

കേശവദാസപുരം നസ്രത്ത് ചാപ്പലിൽ രാത്രി ഒൻപതിന് ജപമാലയോടെ ക്രിസ്‌മസ് തിരുക്കർമങ്ങൾ ആരംഭിക്കും. പാങ്ങോട് കാർമൽ ഹിൽ ആശ്രമ ദേവാലയം, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, പാമാംകോട് സെയ്‌ന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയം, പാപ്പനംകോട് സെയ്‌ന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി എന്നിവിടങ്ങളിലും ജില്ലയിലെ മറ്റ് പ്രമുഖ ദേവാലയങ്ങളിലും ക്രിസ്‌മസ് ശുശ്രൂഷകൾ ഞായറാഴ്ച വൈകീട്ട് ആരംഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *