Your Image Description Your Image Description

അരോഗദൃഢഗാത്രരായ സ്ത്രീകളാല്‍ സമ്പന്നമാകണം നാട് എന്നാണ് അഞ്ചല്‍ ബ്ലോക് പഞ്ചായത്ത് ഭരണസമിതിയുടെ സ്വപ്നം. ഇതുയാഥാര്‍ത്ഥ്യമാക്കാന്‍ ‘ഫിറ്റ്‌നെസ്’ ഗ്രാമംതീര്‍ക്കാനുള്ള പുറപ്പാടിലാണിപ്പോള്‍. വനിതാ ‘ജിം’ തുടങ്ങിയാണ് തുടക്കം. ജീവിതശൈലി രോഗങ്ങള്‍ വ്യായാമത്തിലൂടെ ചെറുക്കുന്നതിനോടൊപ്പം വനിതകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കാര്‍ഡിയോ, വെയിറ്റ്‌ട്രെയിനിങ്, യോഗ, സുംബ തുടങ്ങിയ വ്യായാമമുറകള്‍ ചെയ്യാനുള്ള സൗകര്യം നെടിയറയിലെ വനിത ഫിറ്റ്‌നസ് സെന്ററില്‍ ലഭ്യമാണ്. മുതിര്‍ന്ന സ്ത്രീകള്‍ക്കും ‘ഒരു കൈ’ നോക്കാം ഇവിടെ.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  വനിതാ ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  4.49 ലക്ഷം രൂപ ചിലവഴിച്ചാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. തുടക്കമെന്ന നിലയ്ക്ക് ഒരു ട്രെയിനറാണുള്ളത്.  അളെണ്ണം നോക്കി കൂടുതല്‍ പരിശീലകരെ നിയോഗിക്കും. പ്രദേശത്തെ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി ട്രെയിനര്‍മാരാക്കാനും ഉദ്ദേശമുണ്ട്.
അഞ്ചല്‍ പഞ്ചായത്തിന്റെ പകല്‍ വീടിന്റെ മുകളിലാണ് വ്യായാമകേന്ദ്രം. അവിടുത്തെ അന്തേവാസികളും സൗകര്യം പ്രയോജനപ്പെടുത്തുന്നു. സൗജന്യമായാണ് രാവിലെയും വൈകുന്നേരവും ഫിറ്റ്‌നസ് സെന്റര്‍ ഉപയോഗിക്കാവുന്നത്.
അഞ്ചല്‍ ബ്ലോക്കിലെ ഓരോ പഞ്ചായത്തിലും ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും തയ്യാറാകുകയാണ്. ബ്ലോക്കിന്റെ ഈ വര്‍ഷത്തെ ബജറ്റിലും 24 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് കേന്ദ്രം ഒരു തുടര്‍പദ്ധതിയായി മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *