Your Image Description Your Image Description

മാനസിക സമ്മർദം ഏറി ഇരിക്കുന്ന സമയത്ത് ആരെങ്കിലും ഒന്നു ആശ്വസിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കെട്ടി പിടിച്ചിരുന്നെങ്കിൽ പലരുടെയും വിഷമം അലിഞ്ഞു പോകും. ഇങ്ങനെ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. എന്നാൽ, ഈ ആലിംഗനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴിതാ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. ചൈനയിലാണ് ഈ ആലിംഗനം കിട്ടുന്നത്. പക്ഷെ അഞ്ച് മിനിറ്റോളം വരുന്ന ആലിംഗനത്തിനു പണം നൽകണം.
ചൈനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഒരു പുതിയ ട്രെന്‍ഡിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

സമ്മര്‍ദം കുറയ്ക്കാനും ആശ്വാസത്തിനുമായി സ്ത്രീകള്‍ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നല്‍കി ആലിംഗനം ചെയ്യുന്നു. ഇതിന് 20 മുതല്‍ 50 യുവാന്‍(250-600രൂപ)യാണ് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാന്‍ ആശ്രയിക്കുന്ന പുരുഷന്മാര്‍ ‘മാന്‍ മംസ്’ എന്നാണ് അറിയപ്പെടുന്നത്. ചാറ്റ് ആപ്പുകള്‍ വഴിയാണ് പണം നല്‍കിക്കൊണ്ടുള്ള ഈ ആലിംഗനങ്ങള്‍ക്കുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. പിന്നീട് മാളുകള്‍, സബ്‌വേ സ്റ്റേഷനുകള്‍ പോലുള്ള പൊതുസ്ഥലത്തുവെച്ച് കണ്ടുമുട്ടുകയും മാന്‍മംസില്‍ നിന്നും ആലിംഗനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.

ഇങ്ങനെ ചെയ്യുന്നത് സമ്മര്‍ദം അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ആശ്വാസം നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ മംമ്‌സിനെ തിരഞ്ഞെടുക്കുന്നത്. സ്വകാര്യമായി ചാറ്റ് ചെയ്തതിന് ശേഷമാണ് മാന്‍ മംസും സ്ത്രീകളും പരസ്പരം കണ്ടുമുട്ടുന്നത്. പേശീബലമുള്ള, ജിമ്മില്‍പോകുന്ന പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് മാന്‍ മംസ് എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അത് ശാരീരികമായി ശക്തിയും സൗമ്യതയും ക്ഷമയുമുള്ള പുരുഷന്മാരെയാണ് സൂചിപ്പിക്കുന്നതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമായും നഗരങ്ങളില്‍നിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങള്‍ക്കായി സോഷ്യല്‍മീഡിയയില്‍ ആണ്‍മംമ്‌സിനെ തിരയുന്നതെന്നാണ് അതിനായുള്ള പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ട്രെന്‍ഡിന്റെ നല്ലവശങ്ങളും മോശംവശങ്ങളും എടുത്തുപറഞ്ഞുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *