Your Image Description Your Image Description

മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന ഒന്നാണ് റീ റിലീസ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റീ റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിൽ റിലീസ് ആയ ഒന്നാണ് ഛോട്ടാ മുംബൈ.

ഛോട്ടാ മുംബൈ കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് തിയറ്ററുകളിൽ തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ മറ്റൊരു സിനിമ ഫോർകെ ദൃശ്യമികവിൽ റീ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രം​ഗത്ത് എത്തുകയാണ് ആരാധകർ. മോഹൻലാലിന്റെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നായ മം​ഗലശ്ശേരി നീലകണ്ഠനെ പ്രേക്ഷകർക്ക് സമ്മാനിച്ച ദേവാസുരത്തിന്റെ രണ്ടാം ഭാ​ഗം രാവണപ്രഭു ആണ് ആ ചിത്രം. ‘മം​ഗലശ്ശേരി കാർത്തികേയനെ’ ഇറക്കിവിടെന്ന് പറഞ്ഞാണ് ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

രാവണപ്രഭുവിലെ ചില രം​ഗങ്ങളും, ​ഗാനങ്ങളുമെല്ലാം റീ റിലീസ് ആവശ്യപ്പെടുന്ന പോസ്റ്റുകൾ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ഛോട്ടാ മുംബൈയെക്കാളും ആവേശം സൃഷ്ടിക്കാൻ ഈ പടത്തിന് സാധിക്കുമെന്നും ഇവർ പറയുന്നുണ്ട്. ആരാധകരുടെ ആവശ്യം അണിയറ പ്രവർത്തകർ സാധ്യമാക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *