Your Image Description Your Image Description

ആലപ്പുഴ : കടല്‍ക്ഷോഭത്തില്‍ നിന്ന് ഒറ്റമശ്ശേരിക്കാരെ ശാശ്വതമായി സുരക്ഷിതരാക്കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഒറ്റമശ്ശേരി കടല്‍ത്തീരത്തെ പുലിമുട്ട് നിര്‍മ്മാണം രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം തീരത്ത് കരിങ്കല്‍ ലോഡിറക്കി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

960 മീറ്റര്‍ നീളത്തില്‍ ഒമ്പത് പുലിമുട്ടുകളാണ് ഒറ്റമശ്ശേരിയില്‍ നിര്‍മ്മിക്കുന്നത്. 20 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ നീളത്തിലുള്ള പുലിമുട്ടുകള്‍ ഇവയിലുണ്ട്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 30 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മുമ്പ് നിശ്ചയിച്ചിരുന്നതില്‍ നിന്ന് പുലിമുട്ടുകളുടെ എണ്ണവും ടെട്രാപോഡുകളുടെ വലുപ്പവും വര്‍ധിപ്പിച്ചതായും കലിങ്കല്ലിട്ട് ശക്തമായ അടിത്തറ ഒരുക്കിയ ശേഷമാണ് ടെട്രാപോഡുകള്‍ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് (കെഐഐഡിസി)നിര്‍മ്മാണ ചുമതല.

കാലവര്‍ഷം ശക്തിപ്രാപിച്ച പുതിയ സാഹചര്യത്തില്‍ പ്രദേശത്തെ ഏതെങ്കിലും വീടുകള്‍ക്ക് കടല്‍ക്ഷോഭം ഭീഷണിയാകുന്നതായി ബോധ്യപ്പെട്ടാല്‍ ആ പ്രശ്‌നത്തിന് മുന്‍ഗണന നല്‍കി നിലവില്‍ നിര്‍മ്മിച്ച് വെച്ചിരിക്കുന്ന ടെട്രാപോഡുകള്‍ വിന്യസിച്ച് അടിയന്തര സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കടക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശത്തെ മൂന്ന് വീടുകള്‍ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

2021ലാണ് ഒറ്റമശ്ശേരിയുടെ കടല്‍ത്തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതി വിഭാവനം ചെയ്തത്. പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പിന്നീട് പുനര്‍ രൂപകല്പന ചെയ്തതോടെ ആദ്യം അനുവദിച്ച 16 കോടി രൂപ തികയാതെ പ്രവര്‍ത്തി നിന്നുപോയിരുന്നു. വിഷയത്തില്‍ ഇടപെട്ട മന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരം പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കിഫ്ബി കൂടുതല്‍ തുക അനുവദിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അംഗീകാരമായ പുലിമുട്ടിന്റെ പണി കരിങ്കല്‍ ലഭിക്കാന്‍ ഉണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് പിന്നെയും നിലച്ചു പോയതോടെ വീണ്ടും മന്ത്രി ഇടപെട്ടു.
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അവിടെനിന്ന് കുഴിച്ചെടുക്കുന്ന കരിങ്കല്ല് പുലിമുട്ട് നിര്‍മ്മാണത്തിനായി എത്തിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കി. ഇതുപ്രകാരം എത്തിച്ച കല്ലുകള്‍ വിനിയോഗിച്ചാണ് ഇപ്പോള്‍ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ചേര്‍ത്തല മണ്ഡലത്തില്‍ ഏറ്റവുമധികം കടല്‍ക്ഷോഭ ദുരിതം നേരിടുന്ന പ്രദേശമാണ് കടക്കരപ്പള്ളി പഞ്ചായത്തിലെ ഒറ്റമശ്ശേരി തെക്ക്. കടല്‍ ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ മേഖലയിലെ നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുന്നത് പതിവായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ പ്രദേശത്തെ പന്ത്രണ്ടോളം വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി നിരന്തര ഇടപെടലുകള്‍ നടത്തി എത്രയും വേഗം തീരം സംരക്ഷിക്കാനുള്ള നടപടികള്‍ യാഥാര്‍ത്ഥ്യമാക്കിയത്. പുലിമുട്ട് നിര്‍മിക്കുന്നതോടെ പ്രദേശത്തെ തീരദേശ ജനത അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുലിമുട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കെഐഐഡിസി ജില്ലയില്‍ നാലിടങ്ങളിലായി 41 പുലിമുട്ടുകളാണ് നിലവില്‍ നിര്‍മ്മിക്കുന്നത്. അമ്പലപ്പുഴ കക്കാഴം – വളഞ്ഞവഴി കടല്‍ത്തീരത്ത് 1.8 കിലോമീറ്റര്‍ നീളത്തില്‍ 19 പുലിമുട്ടുകള്‍, കാട്ടൂര്‍ പൊള്ളേത്തൈ തീരത്ത് ഒരു കിലോമീറ്റര്‍ നീളത്തില്‍ ഒമ്പത് പുലിമുട്ടുകള്‍, ആറാട്ടുപുഴ പഞ്ചായത്തിലെ നെല്ലാനിക്കല്‍ തീരത്ത് 450 മീറ്റര്‍ നീളത്തില്‍ നാല് പുലിമുട്ടുകള്‍ എന്നിങ്ങനെയാണ് നിര്‍മ്മാണം. ഇതിനായി 107.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഒറ്റമശ്ശേരി കടല്‍ത്തീരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ സിനി സാലസ്, ജാന്‍സി ബെന്നി, കെഐഐഡിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ പി ഹരന്‍ ബാബു, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി മഹാദേവന്‍, പ്രോജക്ട് എഞ്ചിനീയര്‍ ബി ഗോപിക, കിഫ്ബി റസിഡന്‍സ് എഞ്ചിനീയര്‍ ബിജു യേശുദാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *