Your Image Description Your Image Description

ഡൽഹി: പാർലമെന്റിൽ 146 പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തതിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപക പ്രതിഷേധം. ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ അരങ്ങേറി. ഡൽഹി ജന്തർ മന്തറിൽ ‘ജനാധിപത്യം സംരക്ഷിക്കൂ’ എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേതൃത്വം നൽകി.

വിവിധ ഘടകകക്ഷി നേതാക്കളായ ശരത് പവാർ (എൻ.സി.പി), രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), തിരുച്ചി ശിവ (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), ഡി. രാജ (സി.പി.ഐ), രാംനാഥ് ഠാക്കൂർ (ജനതാദൾ -യു), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം), മനോജ് ഝാ (ആർ.ജെ.ഡി), സുശീൽ കുമാർ റിങ്കു (ആം ആദ്മി പാർട്ടി) തുടങ്ങിയവരും സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരും പങ്കെടുത്തു.

ഭരണഘടനാ പദവിയിലിരുന്നാണ് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ നിലവിളിക്കുന്നതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. ഭരണഘടന പ്രകാരം എല്ലാവർക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ ഒരു നോട്ടീസ് നൽകിയാൽ അത് വായിക്കാൻപോലും തങ്ങളെ അനുവദിക്കുന്നില്ല. എന്നിട്ട് ജാതി പറയുകയാണ്.

ചില യുവാക്കൾ പാർലമെന്റിൽ കടന്ന് പുകയുണ്ടാക്കിയപ്പോൾ ബി.ജെ.പി എം.പിമാർ പേടിച്ചോടിയെന്നും അവരുടെ കാറ്റുപോയെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. പാർലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചർച്ചയിൽ അത്തരമൊരു നടപടിക്ക് യുവാക്കളെ പ്രേരിപ്പിച്ചത് തൊഴിലില്ലായ്മയാണെന്ന കാര്യംകൂടി ഓർക്കണം. സുരക്ഷാവീഴ്ച സംബന്ധിച്ച ചോദ്യം അതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *