Your Image Description Your Image Description

തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 21 ജീവനക്കാര്‍ സുരക്ഷിതരെന്ന് വിവരം. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കി മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി കടലിലേക്ക് തിരിച്ചു. ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രെയ്‌നില്‍ നിന്നുളള രണ്ടുപേര്‍, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍.

മറൈന്‍ ഗ്യാസോയില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം. ഇവ തീരത്തേക്ക് വന്നടിയാന്‍ സാധ്യതയുണ്ടെന്നും ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നുമാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് എവിടെ വേണമെങ്കിലും ഈ പെട്ടികള്‍ അടിയാന്‍ സാധ്യതയുണ്ട്. തൃശൂര്‍, കൊച്ചി, ആലപ്പുഴ കടല്‍തീരങ്ങളിലാണ് സാധ്യത കൂടുതല്‍. ഇവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.

വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു. ആറ് മുതല്‍ എട്ട് കാര്‍ഗോകള്‍ കടലിലേക്ക് വീണു എന്നാണ് അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *