Your Image Description Your Image Description

പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ്  രവി പിളള ഫൗണ്ടേഷന്‍ രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി 2025 ജൂലൈയില്‍ ആരംഭിക്കും.  2025 സെപ്റ്റംബറില്‍ സ്‌കോളര്‍ഷിപ്പ് തുക കൈമാറും. ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതല്‍ 50 വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *