Your Image Description Your Image Description

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടന്നു. കുട്ടിയെ എറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ‘അവളെ ഞാന്‍ അങ്ങട് എറിഞ്ഞു’ എന്ന് പാലത്തില്‍ നിന്ന് പുഴയിലേക്ക് വിരല്‍ ചൂണ്ടി യുവതി പറഞ്ഞു. യുവതിയെ കണ്ടയുടന്‍ വളരെ വൈകാരികമായാണ് നാട്ടുകാര്‍ പ്രതികരിച്ചത്. പ്രതിയുടെ മുഖം കാണിക്കണമെന്ന് പറഞ്ഞ് നാട്ടുകാര്‍ ബഹളം വച്ചു.

അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭര്‍തൃവീട്ടില്‍ താന്‍ നിരന്തരം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നില്‍ നിന്ന് അകറ്റി നിര്‍ത്തി. ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.

ഭര്‍ത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തന്റെ മകള്‍ എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇവരുടെ മൊഴിയില്‍ പോലീസിന് ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.

”ഞാന്‍ മോളെ പുഴയിലിടാന്‍ പോയി” എന്നാണ് പോലീസിന്റെ ചോദ്യത്തിന് കഴിഞ്ഞദിവസം യുവതി നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലുമായി യുവതി സഹകരിച്ചിരുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തലകുമ്പിട്ടുനില്‍ക്കുക മാത്രമായിരുന്നു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *