Your Image Description Your Image Description

ഡൽഹി: വനിതാ പ്രീമിയര്‍ ലീഗില്‍ സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശർമ. യുപി വാരിയേഴ്സിസ്‍ സഹ താരമായ അരുഷി ഗോയലിനെതിരെയാണ് ഇന്ത്യൻ താരം ദീപ്തി ശര്‍മ മോഷണക്കുറ്റം ആരോപിച്ചത്. അരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി സ്‍ര്‍ണാഭരണങ്ങളുള്‍പ്പെടെ മോഷ്ടിച്ചുവെന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊണ്ടുപോയെന്നും ദീപ്തി ശര്‍മയുടെ പരാതിയില്‍ പറയുന്നു.

ദീപ്തി ശര്‍മക്കുവേണ്ടി സഹോദരന്‍ സുമിത് ശര്‍മയാണ് ആരുഷിക്കെതിരെ സര്‍ദാര്‍ പോലീസില്‍ പരാതി നല്‍കിയത്. ദീപ്തിയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം, വിശ്വാസവഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുപി വാരിയേഴ്സ് ടീം അംഗമായ ആരുഷി ഇന്ത്യൻ റെയില്‍വെയില്‍ ആഗ്ര ഡിവിഷനില്‍ ജൂനിയര്‍ ക്ലര്‍ക്ക് കൂടിയാണ്. യുപി വാരിയേഴ്സില്‍ ഒരുമിച്ച് കളിക്കുന്നതിന് മുമ്പ് തന്നെ ദീപ്തിയും ആരുഷിയും ഒരുമിച്ച് മത്സര ക്രിക്കറ്റില്‍ കളിക്കുകയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് ആരുഷി പലതവണയായി ദീപ്തിയില്‍ നിന്ന് പണം വാങ്ങുകയും അത് തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി അടുത്തിടെ കളിച്ച ആരുഷി മൂന്ന് കളികളില്‍ 46 റണ്‍സ് നേടിയിരുന്നു. അടുത്തിടെ സീനിയര്‍ വനിതാ ഇന്‍റര്‍ സോണല്‍ ദ്വിദിന ടൂര്‍ണമെന്‍റില്‍ സെന്‍ട്രല്‍ സോണിനായി 74 റണ്‍സടിച്ച് തിളങ്ങിയിരുന്നു.

തന്‍റെ സഹോദരിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 25 ലക്ഷം രൂപ നഷ്ടമായെന്നും പണം തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് ആരുഷി വ്യക്തമാക്കിയെന്നും സുമിത് ശര്‍മ പറഞ്ഞു. കഴിഞ്ഞ മാസം ദീപ്തിയുടെ ആഗ്രയിലുള്ള ഫ്ലാറ്റില്‍ അതിക്രമിച്ചു കയറിയ ആരുഷി ഡോറിന്‍റെ യഥാര്‍ത്ഥ ലോക്കിന് പകരം മറ്റൊരു ലോക്ക് പിടിപ്പിക്കുകയും ആഭരണങ്ങളും 2500 ഡോളറും മോഷ്ടിക്കുകയും ചെയ്തുവെന്നും സുമിത് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ ക്യാംപിലാണിപ്പോള്‍ ദീപ്തി ശര്‍മയുള്ളത്. ജൂണ്‍ 28 മുതല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലാണ് ഇന്ത്യൻ വനിതാ ടീം ഇനി കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *