Your Image Description Your Image Description

രാജ്യത്ത് സ്കൂട്ടറുകൾക്ക് വൻ ഡിമാ​ന്റ്. 2000 ത്തോടെ നിരത്തുകൾ കീഴടക്കിയ ബൈക്കുകളുടെ കാലം കഴിഞ്ഞു. 1980-കളെയും 90-കളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ രാജ്യത്തെ നിരത്തുകളിൽ സ്‍കൂട്ടറുകൾ നിറയുകയാണ്. ഓട്ടോമാറ്റിക് ഗിയറുകളോടുള്ള ആളുകളുടെ താത്പര്യമാകാം സ്‍കൂട്ടറുകളുടെ വിൽപ്പന ബൈക്കുകളുടെ വിൽപ്പനയെ തുടർച്ചയായി മറികടക്കാൻ ഇടയാക്കിയിരിക്കുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ സ്‍കൂട്ടർ വിൽപ്പന ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. 2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ഇതിലും സ്‍കൂട്ടറിന്റെ സംഭാവനയാണ് ഏറ്റവും പ്രധാനം. ഈ കാലയളവിൽ രാജ്യത്ത് 68.5 ലക്ഷം സ്‍കൂട്ടറുകൾ വിറ്റു, ഇത് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നേരത്തെ, 2018-19 കോവിഡിന് മുമ്പുള്ള വർഷത്തിൽ 67 ലക്ഷം സ്‍കൂട്ടറുകൾ വിറ്റഴിച്ചിരുന്നു, അന്ന് രാജ്യത്തുടനീളം 2.11 കോടി ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചിരുന്നു.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) യുടെ കണക്കുകൾ അനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ, സ്‍കൂട്ടറുകളുടെ വിൽപ്പന ഇരുചക്ര വാഹന വിഭാഗത്തിന് വളർച്ച നൽകിയിട്ടുണ്ട്. സ്കൂട്ടർ വിൽപ്പനയിൽ 17.36 ശതമാനം വളർച്ചയുണ്ടായി. അതേസമയം, മോട്ടോർസൈക്കിൾ വിൽപ്പനയിലെ വളർച്ച അഞ്ച് ശതമാനമാണ്. ഇരുചക്ര വാഹനങ്ങളുടെ മൊത്തത്തിലുള്ള വിൽപ്പന വളർച്ച ഏകദേശം ഒമ്പത് ശതമാനമാണ്.

സ്‍കൂട്ടറുകളുടെ വിൽപ്പന വർധിപ്പിക്കുന്നതിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇതിൽ ആകെ 10 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു. ടിവിഎസ് മോട്ടോർ മുതൽ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഓല-ഏതർ തുടങ്ങിയ പരമ്പരാഗത ഓട്ടോ കമ്പനികളുടെ വിൽപ്പനയും വളരെ മികച്ചതായിരുന്നു. ഈ കാലയളവിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 21 ശതമാനം വളർച്ചയുണ്ടായി. രാജ്യത്തെ ഇരുചക്ര വാഹന വിഭാഗത്തിൽ മോട്ടോർ സൈക്കിളുകൾ ഇപ്പോഴും പ്രബലമായ സ്ഥാനമുണ്ടെങ്കിലും സ്‍കൂട്ടറുകൾ സ്ഥിരമായി അവരെ മറികടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, സ്‍കൂട്ടറുകളുടെ വിപണി വിഹിതം അതിവേഗം വർദ്ധിച്ചപ്പോൾ, ബൈക്കുകളുടെ വിഹിതം കുറഞ്ഞു.

2019-20 സാമ്പത്തിക വർഷത്തിൽ, രാജ്യത്തെ മൊത്തം ഇരുചക്ര വാഹനങ്ങളിൽ സ്‍കൂട്ടറുകളുടെ പങ്ക് 30 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 35 ശതമാനമായി വര്‍ദ്ധിച്ചു. അതേസമയം മോട്ടോർ സൈക്കിൾ വിൽപ്പന 66 ശതമാനത്തിൽ നിന്ന് 62 ശതമാനമായി കുറഞ്ഞു. ഒരുകാലത്ത് ഇന്ത്യൻ ടൂവീലർ ചരിത്രത്തിന്‍റെ പ്രതീകമായിരുന്ന സ്‍കൂട്ടറുകൾ വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയിലെ ഇരുചക്ര വാഹന വ്യവസായത്തിന്റെ ചക്രം പൂർണ്ണമായും മാറിയിരിക്കാം എന്നതിന്‍റെ സൂചനയാണ് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *