Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്.

അതെ സമയം, താമരശേരിയില്‍ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനെ ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചു.
വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉള്‍പ്പെടെയുളളവ ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.

എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും തങ്ങളുടെ കക്ഷികളായ വിദ്യാര്‍ത്ഥികളായ പരീക്ഷാഫലം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. പരീക്ഷാഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ടെന്നും വാദമുയര്‍ന്നു. ഇതോടെയാണ് എന്ത് അധികാരത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

‘വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. രാജ്യത്തെ ക്രിമിനല്‍ നിയമസംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണ്. ഒരു കുട്ടി കുറ്റകൃത്യം ചെയ്‌തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ? കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ പേരില്‍ പരീക്ഷയെഴുതുന്നത് വിലക്കാന്‍ അധികാരമുണ്ടോ?-കോടതി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകാമെന്ന് വ്യക്തമാക്കിയ കോടതി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ ജാമ്യത്തില്‍ വിട്ടാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും ജീവന്‍ അപകടത്തിലാകുമെന്നും വിലയിരുത്തി കോടതി പ്രതികളുടെ ജാമ്യാപേക്ഷ തളളിയിരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിദ്യാര്‍ത്ഥികള്‍ പൊതുസ്ഥലത്ത് അക്രമം അഴിച്ചുവിട്ടെന്നും ഷഹബാസിനെ മൃഗീയമായാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഇതിന്‍റെ തുടർച്ചയായി ഉണ്ടായ സംഘർഷത്തിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്‍റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Leave a Reply

Your email address will not be published. Required fields are marked *