Your Image Description Your Image Description

ന്യൂഡൽഹി:ബിജെപിയുടെ വർഗീയ–- ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിനെതിരായി ദേശീയതലത്തിൽ രൂപപ്പെട്ട ഇന്ത്യ കൂട്ടായ്‌മയിൽ മായാവതിയുടെ ബിഎസ്‌പിയും ഭാഗമായേക്കും. സമാജ്‌വാദി പാർടി പ്രസിഡന്റ്‌ അഖിലേഷ്‌ യാദവാണ്‌ ഇതു സംബന്ധിച്ച സൂചന നൽകിയത്‌. മായാവതിക്കും ബിഎസ്‌പിക്കുമെതിരായി വിമർശങ്ങൾ പാടില്ലെന്ന നിർദേശവും എസ്‌പി എംഎൽഎമാരുടെ യോഗത്തിൽ അഖിലേഷ്‌ നൽകി.

ഇന്ത്യ കൂട്ടായ്‌മയിലേക്ക്‌ ബിഎസ്‌പിയെ കൊണ്ടുവരാൻ കോൺഗ്രസ്‌ ചർച്ചകൾ നടത്തുന്നുണ്ട്‌. ബിഎസ്‌പികൂടി കൂട്ടായ്‌മയുടെ ഭാഗമാകുന്നതിൽ എസ്‌പിക്ക്‌ വിയോജിപ്പില്ല. മായാവതിക്കെതിരായി രാഷ്ട്രീയവിമർശം മാത്രമാണ്‌ നടത്താറുള്ളത്‌. സീറ്റ്‌ പങ്കുവയ്‌ക്കലിന്റെ കാര്യത്തിൽ ബുദ്ധിമുട്ട്‌ വരില്ല. ജയന്ത്‌ ചൗധുരിയുടെ ആർഎൽഡിയുമായും ചന്ദ്രശേഖർ ആസാദിന്റെ പാർടിയുമായും സീറ്റുകൾ പങ്കുവയ്‌ക്കും–- അഖിലേഷ്‌ നിലപാട്‌ വ്യക്തമാക്കി.

യുപിയിൽ ബിജെപിക്കെതിരെ എസ്‌പിയുടെ നേതൃത്വത്തിലാകും ഇന്ത്യ കൂട്ടായ്‌മയുടെ മത്സരം. നിലവിൽ ആർഎൽഡിയും കോൺഗ്രസുമാണ്‌ സഖ്യത്തിലുള്ളത്‌. മായാവതിയും ചന്ദ്രശേഖർ ആസാദും കൂട്ടായ്‌മയുടെ ഭാഗമായാൽ രാമക്ഷേത്രത്തെ രാഷ്ട്രീയവൽക്കരിച്ച്‌ യുപിയിൽ വൻ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക്‌ തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *