Your Image Description Your Image Description

വളരെ അപൂർവമാമെങ്കിലും സ്ത്രീകളിൽ കണ്ടുവരുന്ന രോ​ഗാവസ്ഥയാണ് യോനിയിലെ അർബുദം. യോനിയിലെ അർബുദം പലപ്പോഴും വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് കണ്ടുവരുന്നത്. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്താനായാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോ​ഗാവസ്ഥയാണിച്. യോനീനാളിയിലെ അർബുദ കോശങ്ങളെ മുറിച്ച് മാറ്റുന്നതും റേഡിയേഷൻ ചികിത്സയും യോനിയിലെ അർബുദത്തിന് ഫലപ്രദമാണ്.

യോനിയിലെ അർബുദം നേരത്തെ കണ്ടെത്തുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർ​ഗം. അതിനാൽ ഇനി പറയുന്ന ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കാതിരിക്കുക.

1. അസ്വാഭാവികമായ രക്തസ്രാവം

യോനിയിൽ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ രക്തസ്രാവം യോനീ അർബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഇത് മാസമുറയുടെ സമയത്തെ രക്തമൊഴുക്കിൽ നിന്ന് വ്യത്യസ്തമാണ്. ചില സമയത്ത് കട്ട പിടിച്ച രക്തമായും ചിലപ്പോൾ ചുവന്ന നിറത്തിലെ യോനീ സ്രവമായും ഇത് കാണപ്പെടാം.

2. യോനിയിൽ മുഴ

സ്തനാർബുദമാകട്ടെ, യോനിയിലെ അർബുദമാകട്ടെ മുഴകൾ പ്രത്യക്ഷപ്പെടുന്നത് ഒരു പ്രധാന ലക്ഷണമാണ്. അതിനാൽ അത് നിസ്സാരമായി തള്ളരുത്. യോനിയിൽ മുഴയുണ്ടാകുന്ന പക്ഷം, അവ അപകടകരമാണോ അല്ലയോ എന്നറിയാൻ ഡോക്ടറെ കാണേണ്ടതും ആവശ്യമായ പരിശോധനകൾ നടത്തേണ്ടതുമാണ്.

3. മൂത്രമൊഴിക്കുമ്പോൾ വേദന

മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള വേദനയും വിട്ടുമാറാത്ത വേദനയും ചൊറിച്ചിലുമൊക്കെ യോനിയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം.

4. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന

പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തെല്ലാം വേദന തോന്നുന്നുണ്ടെങ്കിൽ അത് സാധാരണമല്ല. യോനിയിലെ അർബുദം മൂലമാകാം ഈ വേദനയെന്നതിനാൽ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.

5. യോനിയിൽ നിറംമാറ്റം

ഇളം പിങ്ക് നിറത്തിലുള്ള യോനിയുടെ നിറം പെട്ടെന്ന് മാറുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. നിറം മാറ്റത്തിനൊപ്പം യോനിയിൽ നിന്ന് ദുർഗന്ധവും യോനിക്ക് ചൊറിച്ചിലും തിണർപ്പും ഒക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ ഗൗരവമായി പരിശോധിക്കപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *