Your Image Description Your Image Description

കൊച്ചി: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോ​ഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാൽ ഒന്നുകിൽ തീ കത്തിക്കാൻ ഉപയോ​ഗിക്കും, അല്ലെങ്കിൽ ആരെങ്കിലും വന്നാൽ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാൽ, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോൾ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളിൽ ഇരുമ്പും തുരുമ്പുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കിൽ ഇപ്പോൾ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും.

ചിരട്ടയ്ക്ക് വിപണിയിൽ വില കുതിച്ചുയരുകയാണ്. ചിരട്ടയുടെ വില മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനമാണ് എന്നറിയുമ്പോഴാണ് നമ്മുടെ സ്വന്തം ചിരട്ടക്ക് മറുനാട്ടിൽ എത്രവലിയ ഡിമാൻഡാണ് എന്ന് മനസ്സിലാകുക. ഒരു കിലോ ചിരട്ടയ്ക്ക് ഇപ്പോൾ 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാണ് പെട്ടെന്നുള്ള വിലവർദ്ധനയ്ക്ക് കാരണം.

ഇറ്റലി, ചൈന, ജർമനി എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് വൻതോതിൽ ചിരട്ടക്കരി കയറ്രി അയയ്ക്കുന്നുണ്ട്. നാളികേര ഉത്പാദനത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണെങ്കിലും ചിരട്ടക്കരിയുടെ വാണിജ്യ മൂല്യം കണ്ടെത്തിയത് മലയാളികളല്ലെന്നത് വേറെ കാര്യം. കർണാടകയിലെ തുങ്കൂറിലും തമിഴ്‌നാട്ടിലെ കാങ്കയം, ഉദുമൽപേട്ട എന്നിവിടങ്ങളിലുമാണ് ചിരട്ടക്കരി വ്യവസായം പൊടിപൊടിക്കുന്നത്.

മലയാളികൾ വീടിനകവും ടോയ്ലറ്റും വൃത്തിയാക്കാൻ മുൻകാലങ്ങളിൽ ചിരട്ടക്കരി ഉപയോ​ഗിച്ചിരുന്നു. കേരളത്തിലെ ആളുകൾ മുടി കറുപ്പിക്കാൻ കറ്റാർവാഴക്കൊപ്പം ചിരട്ടക്കരിയും ഉപയോ​ഗിക്കാറുണ്ട്. ഓട്, പിച്ചള പാത്രങ്ങൾ തേച്ച് വെളുപ്പിക്കാനും ചിരട്ടക്കരി പണ്ടുമുതലേ നമ്മൾ ഉപയോ​ഗിക്കുന്നുണ്ട്. അരിയും പയറുമെല്ലാം പെട്ടെന്ന് വേവാൻ ഒരു മുറി ചിരട്ടയിട്ടാൽ മതിയെന്നാണ് പഴമക്കാർ പറയുന്നത്. ചിരട്ട കരിച്ച് കിണറ്റിലിട്ടാൽ കുടിവെള്ളം ശുദ്ധമാകും. കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും ചിരട്ട കേരളത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്നുണ്ട്. ദഹനപ്രശ്‌നങ്ങൾക്ക് മരുന്നായും ചിരട്ടക്കരി ഉപയോ​ഗിക്കാറുണ്ട്. എന്നാൽ, വിദേശത്ത് ഇവന് ഇതൊന്നുമല്ല ഉപയോ​ഗം.

വിദേശത്തെ ഉപയോഗം

ഉത്തേജിത കാർബൺ ഉത്പാദനം
വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാൻ
സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം

Leave a Reply

Your email address will not be published. Required fields are marked *