Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നിൽ താനാണെന്ന അവകാശവാദത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറുന്നു. അതേസമയം, വെടിനിർത്തലിന് പിന്നിൽ തന്റെ പങ്കുമുണ്ടെന്ന് ട്രംപ് ആവർത്തിക്കുകയാണ്. ഖത്തറിൽ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ട്രംപ് തന്റെ മധ്യസ്ഥവാദം ലഘൂകരിച്ചത്. താനാണ് അത് ചെയ്തത് എന്ന് അവകാശപ്പെടുന്നില്ല എന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, ഇന്ത്യാ- പാക് പ്രശ്ന പരിഹാരത്തിന് താൻ തീർച്ചയായും സഹായിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘ഞാൻ അത് ചെയ്തുവെന്ന് പറയുന്നില്ല, പക്ഷെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ തീർച്ചയായും സഹായിച്ചു. പ്രശ്നങ്ങൾ കൂടുതൽ ശത്രുതാപരമായി കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ അത് പരിഹരിച്ചു. ഇവിടെനിന്നു പോയി രണ്ട് ദിവസത്തിന് ശേഷം ഇത് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് കാണാൻ ഇടയാകരുതെന്ന് പ്രത്യാശിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് കരുതുന്നു.’ ട്രംപ് പറഞ്ഞു.

രണ്ട് രാജ്യങ്ങൾക്കിടയിൽ വികസിച്ചുകൊണ്ടിരുന്ന യുദ്ധസമാനമായ സാഹചര്യം നിർത്താനുള്ള നടപടിയായി ഇന്ത്യയോടും പാകിസ്ഥാനോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. “ഞങ്ങൾ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിന് പകരം നമുക്ക് വ്യാപാരം ചെയ്യാം. അതിൽ പാകിസ്ഥാൻ വളരെ സന്തോഷിച്ചു. ഇന്ത്യയും സന്തോഷിച്ചു. അവർ ശരിയായ പാതയിലാണെന്ന് കരുതുന്നു. എല്ലാ നിലയ്ക്കും അവർ ഏകദേശം ആയിരം വർഷമായി പോരാടുകയാണ്. അത് എനിക്ക് ഒത്തുതീർപ്പാക്കാൻ കഴിയുമെന്ന് പറഞ്ഞു.” ട്രംപ് കൂട്ടിചേർത്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘർഷം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതൽ വ്യാപാരം’ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിനിർത്തൽ ധാരണ സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കും മുമ്പേ വിവരം പങ്കുവെച്ചതും ട്രംപായിരുന്നു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ധാരണയായതെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ കരാറിൽ യുഎസ് മധ്യസ്ഥതയോ വ്യാപാര സ്വാധീനമോ ഇല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *