Your Image Description Your Image Description

കൊച്ചി: രാജ്യത്തെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിന് സ്വന്തം. പിഴല ആരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി പി. രാജീവ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്യും. സോളാർ പവറും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് മാതൃകയിലാണ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ബോട്ടാണിതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. 10 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തിനു വരെ ബോട്ടിൽ സഞ്ചരിക്കാം. 92 ലക്ഷം രൂപ ചെലവിട്ടാണ് ബോട്ട് നിർമിച്ചിരിക്കുന്നത്.

രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ യൂണിഫീഡറിന്റെ സിഎസ്ആർ ഫണ്ടിന്റെ ഭാഗമായാണ് ക്ലിനിക്ക്, ആംബുലൻസ് സൗകര്യങ്ങളുള്ള ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിനു നൽകുന്നത്. ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരടങ്ങിയ സംഘമായിരിക്കും ദ്വീപുകൾ സന്ദർശിച്ച് ചികിത്സ നിശ്ചയിക്കുന്നത്. ആഴ്ചയിൽ ആറു ദിവസമായി കടമക്കുടിയിലെ 13 ദ്വീപുകളും ഇവർ സന്ദർശിക്കും. ഇതിനായി പ്രത്യേക ഷെഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.

ഒപി കൺസൾട്ടേഷൻ, ലാബ്, ഫാർമസി, അടിയന്തര മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കുന്ന മെഡിക്കൽ യൂണിറ്റാണ് ബോട്ടിലുള്ളത്. ഇതിലൂടെ ദിവസേന നൂറില്പരം ആളുകളെ ചികിത്സിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.ജി. മേരി വിൻസെന്റ് പറഞ്ഞു. ബോട്ട് പ്രവർത്തന സജ്ജമാകുന്നതോടെ അടിയന്തര സേവനങ്ങൾക്കും ബോട്ടിന്റെ ഷെഡ്യൂൾ അറിയുന്നതിനും ഹെൽപ് ലൈൻ നമ്പർ തുടങ്ങും.

ബോട്ടിന്റെ ഇന്ധന, പരിപാലന ചെലവുകൾ പഞ്ചായത്തും ഡോക്ടറുടെയും മറ്റു മെഡിക്കൽ സ്റ്റാഫുകളുടെയും വേതനം നാഷണൽ ഹെൽത്ത് മിഷനും വഹിക്കും. ഉദ്ഘാടനത്തെ തുടർന്ന് ആദ്യ രണ്ട് വർഷം പ്ലാനറ്റ് എർത്ത് എന്ന എൻജിഒ ബോട്ടിന്റെ പരിപാലനത്തിന് മേൽനോട്ടം വഹിക്കും. രണ്ട് വർഷത്തിനുശേഷം ബോട്ട് പഞ്ചായത്ത് ഏറ്റെടുക്കും.

യൂണിഫീഡർ അസിസ്റ്റന്റ് ജനറൽ മാനേജർ കൃഷ്ണകുമാർ, മുംബൈ ഓപ്പറേഷൻസ് ഹെഡ് ഓഫീസ് ജനറൽ മാനേജർ അശോക് രാജ്ബർ, ഓപ്പറേഷൻസ് കൊച്ചിൻ ബ്രാഞ്ച് സീനിയർ മാനേജർ ഡെന്നി സെബൻ, പ്ലാനറ്റ് എർത്ത് സെക്രട്ടറി സൂരജ് എബ്രഹാം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *