Your Image Description Your Image Description

രാജ്യത്ത് ഏറ്റവും കെട്ടുറപ്പുള്ള പാര്‍ട്ടി ബിജെപിയാണെന്നുള്ള പി ചിദംബരത്തിന്റെ അഭിപ്രായ പ്രകടനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. ശശി തരൂരിന് പിന്നാലെ ബിജെപിയെ പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ചിദംബരം ഇപ്പോൾ വൻ വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ബി ജെ പിയെ കെട്ടുറപ്പുള്ള പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചത്. ബി ജെ പിയെപ്പോലെ കെട്ടുറപ്പും സംഘടിതവുമായ മറ്റൊരു പാര്‍ട്ടി ഇല്ല, ഇന്ത്യാ സഖ്യം മുന്നോട്ടുപോവുന്നുണ്ടോ എന്ന് എനിക്കറിയില്ല, സഖ്യം ദുര്‍ബലപ്പെട്ടിരിക്കുന്നു എന്നും ശ്രമിച്ചാല്‍ ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട് എന്നുമായിരുന്നു ചിദംബരം പറഞ്ഞത്.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. ചിദംബരത്തിനെതിരെയും മകനെതിരെയും ഇ ഡി കേസെടുത്തതും, ബി ജെ പി കെട്ടുറപ്പുള്ള പാര്‍ട്ടിയാണെന്നുള്ള ചിദംബരത്തിന്റെ അഭിപ്രായം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കാനുള്ള സാധ്യതയുണ്ട്. ശശി തരൂര്‍ പലപ്പോഴായി നടത്തിയ മോദി സ്തുതി കോണ്‍ഗ്രസിനെ അക്രമിക്കാനുള്ള ആയുധമായി ബി ജെ പി ഉപയോഗിച്ചുകൊണ്ടിരിക്കവെയാണ് ചിദംബരത്തിന്റെ പുതിയ അഭിപ്രായപ്രകടനം.

അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സി ബി ഐ നടപടികള്‍ കടുപ്പിക്കുകയും മൂന്നുകേസുകള്‍ക്ക് പുറമെ നാലാമതൊരു കേസുകൂടി ചാര്‍ജ് ചെയ്തതോടെ ചിദംബരവും കോണ്‍ഗ്രസും കടുത്ത പ്രതിസന്ധിയിലായിരുന്നു. സെക്വോയ മദ്യത്തിന് എഫ് ഡി ഐ അനുമതി നല്‍കുന്നതിനും ഡിയാജിയോ മദ്യനിരോധനം നീക്കുന്നതിലും കാര്‍ത്തി ചിദംബരം 87 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. നാല് സി ബി ഐ കേസുകള്‍ നിലവില്‍ കാര്‍ത്തി ചദംബരത്തിനെതിരായുണ്ട്. എയര്‍സെല്‍ മാക്‌സിസ് ഇടപാടിലും ഐ എന്‍ എക്‌സ് മീഡിയ കൈക്കൂലി കേസില്‍ പി ചിദംബരവും നളിനി ചിദംബരവും നിലവില്‍ വിചാരണ നേരിടുകയാണ്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സി ബി ഐ കേസെടുത്തതോടെയാണ് ചിദംബരം മൗനത്തിലായത്. മോദി സ്തുതിയിലൂടെ നിരന്തരമായി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപും എം പിയുമായ ശശി തരൂരിനെ മെരുക്കാനുള്ള വഴികള്‍ തേടുന്നതിനിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ചിദംബരം ബി ജെ പിയെ പുകഴ്ത്തിയും ഇന്ത്യാ സഖ്യത്തെ ഇകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *