Your Image Description Your Image Description

മുംബൈ: പരീക്ഷയിൽ തോൽക്കുമെന്ന് കരുതിയിരുന്ന മകൻ എല്ലാ വിഷയങ്ങളിലും പാസ് മാർക്ക് വാങ്ങി. വമ്പൻ ആഘോഷമൊരുക്കി നാട്ടുകാർ. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിലാണ് എല്ലാ വിഷയങ്ങൾക്കും പാസ് മാര്‍ക്ക് നേടി വിദ്യാർത്ഥി വിജയിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിൽ ശിവം വാഗ്‌മറെ എന്ന വിദ്യാർത്ഥിയാണ് ഏറ്റവും കുറഞ്ഞ മാർക്ക് നേടി പാസായത്. ഇതെത്തുടർന്ന് നടത്തിയ ആഘോഷങ്ങളുടെ പേരിൽ ശിവം വാർത്തകളിൽ നിറയുകയാണ്. സിദ്ധേശ്വർ ബാലക് മന്ദിർ സ്കൂളിലെ വിദ്യാർത്ഥിയാണ് ശിവം വാ​ഗ്മറെ. എല്ലാ വിഷയങ്ങളിലും 35 ശതമാനം മാർക്കോടെയാണ് ശിവം വിജയിച്ചത്. ഇത് പാസാകാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്കാണ്.

ശിവത്തിനും കുടുംബത്തിനും ഈ ഫലം വലിയ സന്തോഷം നൽകി. നാട്ടുകാർ ഈ വിജയം ഘോഷയാത്രയോടെ ആഘോഷിച്ചു, ചടങ്ങിൽ നിന്നുള്ള വീഡിയോകളിൽ ശിവത്തിന് പൂമാല ഇടുന്നതും മധുരം നൽകുന്നതും മുതിർന്നവര്‍ അനുഗ്രഹിക്കുന്നതുമൊക്കെ കാണാം. എല്ലാ വിഷയങ്ങളിലും തനിക്ക് 35 മാർക്ക് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത് വലിയ ഞെട്ടലുണ്ടാക്കി എന്നാണ് ശിവം പറഞ്ഞത്. പക്ഷേ സന്തോഷവാനാണ്, അടുത്ത തവണ കൂടതല്‍ കഠിനാധ്വാനം ചെയ്യും. ഐടിഐ പഠിക്കാൻ താൽപ്പര്യമുണ്ടെന്നും കുട്ടി പറഞ്ഞു. മകൻ പരീക്ഷയിൽ തോൽക്കുമെന്നാണ് കരുതിയതെന്നാണ് ശിവത്തിന്‍റെ അച്ഛൻ പ്രതികരിച്ചത്. പക്ഷേ അവൻ 35 മാർക്കോടെ വിജയിച്ചു. ഇത് വലിയ വിജയമാണ്, എല്ലാവരും വലിയ സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യയിലുടനീളമായി 18 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെ നടന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതി. സുതാര്യത ഉറപ്പാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് പരീക്ഷകൾ നടത്തിയത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചിരുന്നു. ഈ വർഷം 88.39 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ പാസായി. 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *