Your Image Description Your Image Description

ഭോപ്പാൽ: രാജ്യത്തെ സൈന്യത്തെ ഒന്നടങ്കം അപമാനിക്കുന്ന പരാമർശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രിയുടെ കാൽക്കൽ തലകുമ്പിട്ട് നിൽക്കുന്നുവെന്നാണ് ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡ പറഞ്ഞത്. സൈന്യത്തെ ഇകഴ്ത്തി മോദിയെ പ്രശംസിച്ച പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ജനം എല്ലാം കാണുന്നുണ്ട്. ബിജെപിയുടെ മുഖസ്തുതി എല്ലാ പരിധികളും ലംഘിച്ചു. യഥാർത്ഥ രാജ്യസ്നേഹികൾക്കിടയിൽ ബിജെപിക്കെതിരായ വികാരം ഉച്ഛസ്ഥായിയിലാണെന്നും അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ പറഞ്ഞു. സിവിൽ ഡിഫൻസിൽ പരിശീലനത്തിനെത്തിയ വളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജഗദീഷ് ദേവ്ഡയുടെ വിവാദ പരാമർശം. അതേസമയം പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി ജഗ്ദീഷ് ദേവ്ഡ രംഗത്തെത്തിയിട്ടുണ്ട്.

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തിരിച്ചടിയായി രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറും പരാമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ നമസ്കരിക്കുകയാണെന്ന് സദസിനോടായി മന്ത്രി പറഞ്ഞത്. ‘പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണ്. അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു’- ജഗ്ദീഷ് ദേവ്ഡ പ്രസംഗത്തിൽ പറഞ്ഞു.

കേണൽ സോഫിയ ഖുറേഷിയെ അപമാനിച്ച് ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മന്ത്രിക്കെതിരെ കോടതിയടക്കം രഗത്ത് വന്നതിന് പിന്നാലെയാണ് രാജ്യത്തെ സൈന്യത്തെ ഒന്നടങ്കം അപമാനിച്ചുകൊണ്ട് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്. ഗ്ദീഷ് ദേവ്ഡയുടെ പരാമർശത്തിനെതിരെ കോൺഗ്രസും രൂക്ഷ വിമർശനം നടത്തി. വിലകുറഞ്ഞതും നാണംകെട്ടതുമായ പ്രസ്താവനയാണ് ഉപമുഖ്യമന്ത്രിയൂടേതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവം വിവാദമായതോടെ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ജഗദീഷ് ദേവ്ഡ രംഗത്തെത്തി. രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ജഗദീഷിന്‍റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *