Your Image Description Your Image Description

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്നു പരസ്യമായി തുറന്നു പറഞ്ഞ മുൻ മന്ത്രി ജി സുധാകരനെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐപിസി 465,468,471 വകുപ്പുകൾ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് സംബന്ധിച്ച അന്വേഷണം നടത്തുകയും സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ.വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. പരാമർശത്തിൽ ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ ജി സുധാകരന്‍ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞു. വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നും ജി. സുധാകരന്‍ പറഞ്ഞു.

‘ആ പരാമര്‍ശം ഞാന്‍ പൊതുവേ പറഞ്ഞതാണ്. അല്‍പ്പം ഭാവന കലര്‍ത്തിയാണ് പറഞ്ഞത്. ഒരുതവണ പോലും ബാലറ്റ് തുറന്നു നോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണ്. മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്’-എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *