Your Image Description Your Image Description

ആഡംബര ട്രെയിനുകളിലൊന്നായ രാജധാനി എക്സ്പ്രസിൽ ടിടിഇ ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തേജസ് രാജധാനി എക്സ്പ്രസിൻ്റെ വരവോടെ ടിക്കറ്റുകൾക്കുള്ള ആവശ്യവും ഉയർന്നുവരുകയാണ്. ഈ സാഹചര്യത്തിലാണ് അടുത്തിടെ നടന്ന സംഭവം ട്രെയിൻ യാത്രക്കാരെയും ഇന്റർനെറ്റ് ഉപയോക്താക്കളെയും ഞെട്ടിച്ചത്. ഒരു യാത്രക്കാരൻ ബുക്ക് ചെയ്ത സീറ്റ് ട്രെയിനിലെ ടിടിഇ മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയായി.

രാജേന്ദ്ര നഗർ ടെർമിനലിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള രാജധാനി എക്സ്പ്രസ് നമ്പർ 12309 ട്രെയിനിലാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. ബി8 കോച്ചിലെ 47-ാം നമ്പർ ബെർത്ത് ബുക്ക് ചെയ്ത് ഉറപ്പാക്കിയിരുന്ന യാത്രക്കാരനാണ് ടിക്കറ്റ് എക്സാമിനർ ബർത്ത് അനുവദിക്കാതിരുന്നത്. റിസർവ് ചെയ്ത ബർത്ത് നൽകാതെ യാത്രക്കാരനെ ടിടിഇ മറ്റൊരു കോച്ചിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം സീറ്റ് മറ്റൊരാൾക്ക് നൽകിയതായും പറഞ്ഞു.

ഇതോടെ യാത്രക്കാരൻ, ദാനാപൂർ ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (ഡിസിഎം) അഭിനവ് സിദ്ധാർത്ഥിനെ വിവരം അറിയിച്ചു. ഉടൻ തന്നെ സിദ്ധാർത്ഥ്, വിശദമായ അന്വേഷണം നടത്താൻ അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജർക്ക് (എസിഎം) നിർദ്ദേശം നൽകി. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കണ്ടെത്തി. തുടർന്ന് രാജേന്ദ്ര നഗറിലെ അമർ കുമാർ എന്ന ടിടിഇയെ റെയിൽവേ പിരിച്ചുവിടുകയും ചെയ്തു.

ഈ സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. തേജസ് രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും യാത്രക്കാർ വെല്ലുവിളി നേരിടുന്നത് ദുഃഖകരമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ കുറ്റക്കാരനെതിരെ റെയിൽവേ സ്വീകരിച്ച ഉറച്ച നിലപാടിനെയും നിരവധിപേർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *