Your Image Description Your Image Description

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നവീകരണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷനായി.

ജില്ലയിൽ മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് ക്ഷേത്രം – മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ്, അരൂർ മണ്ഡലത്തിലെ ചിറയ്ക്കൽ – പൂച്ചാക്കൽ റോഡ്, കുട്ടനാട് മണ്ഡലത്തിലെ ചക്കച്ചമ്പാക്ക കവലേക്കളം റോഡ്, കായംകുളം മണ്ഡലത്തിലെ പള്ളിക്കൽ കൃഷ്ണപുരം റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

മാവേലിക്കര കുറത്തികാട് ക്ഷേത്രം – മുള്ളിക്കുളങ്ങര ക്ഷേത്രം റോഡ് ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കുറത്തികാട് ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. മാവേലിക്കര മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളായ കുറത്തികാട് ജംഗ്ഷനെയും മുള്ളിക്കുളങ്ങര ജംഗ്ഷനെയും ബന്ധിപ്പിച്ച് തെക്കേക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നവീകരിച്ചത്. 4.136 കിലോമീറ്റർ നീളമുള്ള റോഡിന് 4.56 കോടി രൂപയാണ് ചെലവ്. 656 മീറ്റർ നീളത്തിൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയും കലുങ്കുകൾ പുനർനിർമ്മിക്കുകയും 278 മീറ്റർ നീളത്തിൽ ഓടകൾ നിർമ്മിക്കുകയും കവറിങ് സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്തു. ഗതാഗത സുരക്ഷ പ്രവൃത്തികളുടെ ഭാഗമായി റോഡ് മാർക്കിങ്ങുകൾ, സ്റ്റഡ്സ്, ദിശാസൂചക ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
ചടങ്ങിൽ മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരാദാസ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻകുമാർ, തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, പഞ്ചായത്തംഗങ്ങളായ പി അജിത്, ആർ അജയൻ, ഗീത മുരളി, ശ്രീകല വിനോദ്, രമണി ഉണ്ണികൃഷ്ണൻ, കെ റെജി, പ്രിയ വിനോദ്, ഗീത തോട്ടത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

അരൂർ മണ്ഡലത്തിൽ തൈക്കാട്ടുശേരി പഞ്ചായത്തിലെ ചിറക്കൽ- പൂച്ചാക്കൽ റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാദേശികതല പരിപാടി ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിലാഫലക അനാച്ഛാദനവും എംഎൽഎ നിർവഹിച്ചു. 2023-24 ബഡ്ജറ്റ് പ്രവർത്തിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. 1200 മീറ്റർ നീളമുള്ള റോഡിന് രണ്ടുകോടി രൂപയാണ് ചെലവ്. ചടങ്ങിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം എൻ കെ ജനാർദ്ദനൻ അധ്യക്ഷനായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തംഗം ഡി. വിശ്വംഭരൻ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അപർണ്ണ ബെൻ, അഡ്വ. രാജേഷ്, കുര്യാക്കോസ് കാട്ടുതറ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടനാട് മണ്ഡലത്തിലെ നീലംപേരൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ചക്കച്ചമ്പാക്ക കവലേക്കളം റോഡ് ഉദ്ഘാടനത്തിന്റെ ഭാഗമായി നീലംപേരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. പാടശേഖരത്തിലൂടെ കടന്നു പോകുന്ന നിലവിലുണ്ടായിരുന്ന വീതികുറഞ്ഞ ബണ്ട് റോഡ് മണ്ണിട്ടുയർത്തി വീതികൂട്ടിയാണ് പുതിയ റോഡ് നിർമ്മിച്ചത്. കൃഷി ആവശ്യത്തിനായി അഞ്ച് പൈപ്പ് കൾവർട്ടുകളും റോഡ് സുരക്ഷയ്ക്കാവശ്യമായ റിഫ്ളക്ടറുകൾ, മാർക്കിംഗുകൾ, ബാരിയറുകൾ എന്നിവയും റോഡിൽ സ്ഥാപിച്ചിട്ടുണ്ട്. 462 മീറ്റർ നീളമുള്ള റോഡിന് 1.5 കോടി രൂപയാണ് ചെലവ്. പ്രധാന പാതയായ പള്ളിക്കൂട്ടുമ്മ നീലംപേരൂർ റോഡിലേക്കെത്തുന്നതിനുള്ള എളുപ്പവഴി കൂടിയാണിത്. കൃഷി ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ റോഡിലൂടെ കൊണ്ടുവരാൻ ഇതിലൂടെ കഴിയും. ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ധ്യാമണി ജയകുമാർ, പഞ്ചായത്തംഗം വി ജി സഹദേവൻ, എഞ്ചിനീയർമാരായ റോജി പി വർഗീസ്, എ എസ് ശരത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കായംകുളം മണ്ഡലത്തിലെ പള്ളിക്കൽ കൃഷ്ണപുരം റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭരണിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ യു പ്രതിഭ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.

പൊതുമരാമത്ത് വകുപ്പിന് കീഴിൽ 5 കോടി 36 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കായംകുളം മണ്ഡലത്തിലെ സ്റ്റേറ്റ് ഹൈവേയുമായി(കെ.പി. റോഡ്) ബന്ധിപ്പിക്കുന്ന റോഡ് മൂന്നാം കുറ്റി ജംഗ്ഷനിൽ(പള്ളിക്കൽ) നിന്നും തുടങ്ങി കാപ്പിൽ ഹെൽത്ത് സെന്റർ ജംഗ്ഷനിൽ അവസാനിക്കും. 4.036 കിലോമീറ്ററാണ് റോഡിന്റെ ആകെ നീളം. ചടങ്ങിൽ

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ എം ഹാഷിർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം എം ശ്യാമള ദേവി, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശശിധരൻ നായർ, നിഷ സത്യൻ, ഭരണിക്കാവ് ഗ്രാമപഞ്ചായത്തംഗങ്ങളായ എ തമ്പി, കെ എസ് ജയപ്രകാശ്, അജോയ് കുമാർ, കെ ആർ ഷൈജു, കൃഷ്ണപുരം ഗ്രാമപഞ്ചായത്തംഗങ്ങളായ എസ് നസീം, ബിജു മഠത്തിൽ, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികുമാർ, പിഡബ്ല്യൂഡി അസി. എഞ്ചിനിയർ കെ യു അഞ്ചു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *