Your Image Description Your Image Description

ദിനംതോറുമുള്ള അനുഭവങ്ങൾ കോർത്തെടുത്ത് ജീവിതം വരയ്ക്കാൻ പാകമാകണമെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ്റെ നേതൃത്വത്തിൽ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുട്ടികളുടെ ‘കലായിടം’ ദൃശ്യകല പരിശീലന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പുസ്തകവായനയും യാത്രയും കലാകാരന് ഒഴിവാക്കാനാവാത്തതാണ്. ചെറിയ പ്രായത്തിൽ തന്നെ ഇവ ജീവിതത്തിൻ്റെ ഭാഗമാക്കണം. ദൃശ്യകലയിൽ പ്രാവിണ്യം നേടുന്നത് ജീവിത വിജയത്തിന് സഹായകരമാകും. ഡിസൈനിംഗ്, ആർക്കിടെക്ചർ തുടങ്ങി വലിയ ജോലി സാധ്യതയും ഈ മേഖലയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്യാട് ഡിവിഷനിൽ രൂപീകരിച്ചിട്ടുള്ള ആർട്ട് അക്കാദമിയാണ് കലായിടം പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആർട്ടിസ്റ്റുമാരായ ബിന്ദി രാജഗോപാൽ, സുരാജ് രവീന്ദ്രനാഥ്, അമീൻ ഖലീൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നത്. അവധിക്കാലത്ത് ആഴ്ചയിൽ മൂന്ന് ദിവസം വീതം കലവൂർ ഗവ. എച്ച്എസ്എസിൽ പരിശിലനം നടന്നു വരുന്നു. ഇതിൻ്റെ തുടർച്ചയായി എല്ലാ സ്കൂളുകളിലും ആർട്ട് ക്ലബ്ബ് രൂപീകരിക്കും. പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് പരിശീലനം നൽകും.

ആർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ കലവൂർ ഗവ. എച്ച്എസ്എസിൽ ആർട്ട് ഗ്യാലറിയും നിർമ്മിക്കും. കുട്ടികൾക്കും മറ്റുള്ളവർക്കും ചിത്രപ്രദർശനം നടത്താൻ കഴിയുന്ന ആർട്ട് ഗാലറി മികച്ച സാങ്കേതിക വിദ്യയിലാണ് നിർമ്മിക്കുക. രക്ഷിതാക്കളടക്കമുള്ളവരുടെ ദൃശ്യകലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വില്ലേജ് ആർട്ട്ക്ലബ്ബുകളും രൂപീകരിക്കും.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ് അധ്യക്ഷനായി. ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ കെ വി രതീഷ്, ആർട്ടിസ്റ്റുമാരായ അമീൻ ഖലീൽ, അലക്സാണ്ടർ, സുരാജ് രവീന്ദ്രനാഥ്, ടി ബി ഉദയൻ, രഘുനാഥ്, ഹുസൈൻ മാഷ്, സുമയ്യ ബീവി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *