Your Image Description Your Image Description

തിരുവനന്തപുരം : നാടിന്റെ സമഗ്ര വികസനത്തിന് ഭരണനിർവഹണത്തിൽ വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തുക, ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങൾ നേരിടുന്നവയ്ക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യത്തോടെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മേഖലാതല അവലോകന യോഗത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ഭരണനിർവഹണരംഗം നന്നായി മുന്നോട്ട് പോകുന്നു എന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സമർപ്പണവും ശ്രദ്ധേയമാണ്. കേരളത്തിൽ ചിലത് നടക്കില്ല എന്ന മുൻധാരണ മാറുകയും പോസിറ്റിവായ ഇടപെടൽ എല്ലാ ഭാഗങ്ങളിലും ഉണ്ടാവുകയും ചെയ്തു. ഇതിന്റെ തുടർച്ചയായ നടക്കില്ല എന്ന് കരുതിയ പദ്ധതികൾ സംസ്ഥാനം പ്രാവർത്തികമാക്കി. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങളിലെത്തണം എന്നതാണ് സർക്കാർ നയം. സാധാരണ സർക്കാർ മുറ പോലെ എന്ന പ്രയോഗവും കാലതാമസം സൂചിപ്പിക്കുന്ന ചുവപ്പുനാട പ്രശ്‌നവും പൂർണമായും ഇല്ലാതാക്കുന്നതിൽ എത്ര മാറ്റം ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ് യഥാർഥ വിജയം.

അപേക്ഷകളുടെ പിന്നാലെ സഞ്ചരിക്കാതെ കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാൻ കഴിയുന്ന രീതിയിൽ ഓൺലൈൻ സേവനങ്ങൾ വ്യാപകമാക്കിയത് ഗുണപരമായ മാറ്റമുണ്ടാക്കി. ഡിജിറ്റൽ സേവനങ്ങളടക്കം വ്യാപകമാക്കി ജനങ്ങളുടെ അപേക്ഷകളിലും ആവശ്യങ്ങളിലും വേഗത്തിൽ തീരുമാനമെടുക്കുന്ന രീതി പൂർണതയിലെത്തിക്കണം. ആവശ്യങ്ങളുമായി വിവിധ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ എത്തുന്ന ജനങ്ങൾ ദയ അർഹിക്കുന്നവരെന്ന രീതിയിൽ കാണാൻ പാടില്ല. ഭരിക്കപ്പെടുന്നു എന്ന ധാരണ ഒഴിവാക്കി ജനങ്ങളുടെ അവകാശമായ സേവനം കൃത്യമായി ലഭ്യമാക്കാൻ കഴിയണം.

ജില്ലാതല പ്രശ്‌നങ്ങൾ, വിവിധ വകുപ്പുകൾ പരിഹാരം കാണാൻ കാത്തു നിൽക്കുന്ന പ്രശ്‌നങ്ങൾ, സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ടത്, പരസ്പരം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കേണ്ട വിഷയങ്ങൾ എന്നിവ ഈ മേഖലാതല അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഫയലുകളുടെ കാര്യത്തിൽ തീർപ്പു കൽപ്പിക്കാൻ മന്ത്രിമാർ നടത്തിയ താലൂക്ക്തല അദാലത്ത്, നിയോജക മണ്ഡലങ്ങളിൽ നടത്തിയ നവകേരള സദസ്സ്, എം എൽ എ മാരുമായി നടത്തിയ ജില്ലാതല കൂടിക്കാഴ്ച എന്നിവ നല്ല ഫലം സൃഷ്ടിച്ചു. ഇവയുടെ തുടർനടപടികൾ വേഗത്തിൽ സ്വീകരിച്ചു വരികയാണ്.

സമയബന്ധിതമായി പദ്ധതി പൂർത്തീകരണവും സേവനങ്ങളും സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജിതമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *