Your Image Description Your Image Description

ന്യൂഡൽഹി: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ തുടർന്ന് കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങളിൽ 100-ലധികം ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യ അറിയിച്ചിരുന്നു. ആക്രമണത്തിൽ അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെയാണ് കൊല്ലപ്പെട്ടത്.

2000-ത്തിൽ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആണ് ജെയ്‌ഷെ മുഹമ്മദ് സൃഷ്ടിച്ചതെന്ന് ആരോപിക്കപ്പെടുന്നു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി മാരകമായ ഭീകരാക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദ് ഉത്തരവാദിയാണ്. 2019 മെയ് 1 ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ അസ്ഹറിനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 1999-ൽ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ വിട്ടയച്ച മൂന്ന് തീവ്രവാദികളിൽ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സേന തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മാണം നടത്തി പുന:സ്ഥാപിക്കുമെന്ന നിലപാടിലാണ് പ്രധാനമന്ത്രി ഷെറീഫും കുട്ടരും. പാകിസ്ഥാന്‍ സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ടെററിസ്റ്റ് നഴ്‌സറി എന്നറിയപ്പെടുന്ന ബഹാവല്‍പൂരിലെ തീവ്രവാദ കേന്ദ്രം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടിയാണിത്. ഈ ആക്രമണത്തിലാണ് അസര്‍ മുഹമ്മദിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, ബന്ധുക്കളുടെ അഞ്ചു മക്കള്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായത്. അസര്‍ മുഹമ്മദിന്റെ ബന്ധുക്കളില്‍ ഇനി ആരും അവശേഷിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും എല്ലാക്കാലത്തും തീവ്രവാദികള്‍ക്ക് സമ്പൂര്‍ണ പിന്തുണയും സൗകര്യങ്ങളും നല്‍കി പോറ്റി വളര്‍ത്താറുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്ത്യ പുറത്തു വിട്ടിരുന്നു. പാക് പതാകയില്‍ പൊതിഞ്ഞ ഭീകരുടെ ശവപ്പെട്ടികള്‍ പാക് സൈനികര്‍ ചുമലിലേറ്റി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് തീറ്റ കൊടുത്ത് വളര്‍ത്തുന്നത് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *