Your Image Description Your Image Description

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിനായി വിശദീകരിച്ച കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വിജയ് ഷായുടെ വാക്കുകള്‍. ‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷാ, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *