Your Image Description Your Image Description

കോയമ്പത്തൂർ: പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ രാജ്യം നടുങ്ങിയ പീഡനക്കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവർക്കാണ് കോയമ്പത്തൂർ മഹിളാ കോടതി ശിക്ഷ വിധിച്ചത്. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ജഡ്ജി ആർ. നന്ദിനി ദേവിയുടെ ശിക്ഷാവിധിയിൽ പറയുന്നു.

2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യം നടുങ്ങിയ പീഡന പരമ്പര പുറംലോകം അറിയുന്നത്. അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവമായിരുന്നു പൊള്ളാച്ചി പീഡന പരമ്പര. കോളജ് വിദ്യാർത്ഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായി.

2016നും 2019നും ഇടയിലാണു പീഡനങ്ങൾ നടന്നത്. ഇരകളിൽ സ്കൂൾ വിദ്യാർത്ഥിനികൾ മുതൽ യുവ ഡോക്ടർമാർവരെ ഉണ്ടായിരുന്നു. മിക്കവരെയും പ്രതികൾ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ്. യുവതികളുമായി സൗഹൃദം സ്ഥാപിച്ചു വലയിലാക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചു പീഡിപ്പിക്കും. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തു സാമ്പത്തിക ചൂഷണവും നടത്തും. ഒരിക്കൽ പീഡനത്തിനിരയാകുന്നവരുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി.

പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണു സംഭവം പുറംലോകം അറിയുന്നത്. പ്രതികളിൽ ഒരാളായ തിരുന്നാവക്കരശ് പരാതിക്കാരിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യർഥന നടത്തിയശേഷം, സംസാരിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തി നി‍ർബന്ധിച്ചു കാറിൽ കയറ്റി. വഴിയിൽവച്ചു മറ്റു മൂന്നു പ്രതികൾകൂടി കാറിൽ കയറി. നാലുപേരും ചേർന്നു പെൺകുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീടു വഴിയിൽ ഉപേക്ഷിച്ചു. ഈ വിവരങ്ങൾ പെൺകുട്ടി സഹോദരനോടു പറഞ്ഞ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തമിഴ്നാട് സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെയെല്ലാം പിടികൂടാനായി. ഇതോടെ കൂടുതൽ യുവതികൾ പരാതിയുമായി രം​ഗത്തെത്തുകയായിരുന്നു.

ഇന്നു രാവിലെ എട്ടരയോടെയാണ് പ്രതികളെ സേലം സെൻട്രൽ ജയിലിൽനിന്നു കനത്ത സുരക്ഷയിൽ കോടതിയിൽ എത്തിച്ചത്. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണു വാദപ്രതിവാദങ്ങൾ എല്ലാം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്നു തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്കു മരണംവരെ ജീവപര്യന്തം തടവു നൽകണമെന്നും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *