Your Image Description Your Image Description

രണ്ട് വയസ് മാത്രമുള്ള മകളെ ഒപ്പം കൂട്ടി ജോലി ചെയ്യുന്ന അച്ഛൻ. ഒരു സ്വി​ഗി ഡെലിവറി പാർട്ണറായ പങ്കജ് ആണ് കുഞ്ഞു മകളുമായി ഫുഡ് ഡെലിവറി ചെയ്യാനെത്തുന്നത്. ഈ യുവാവിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഗുരുഗ്രാമിൽ നിന്നുള്ള സിഇഒ മായങ്ക് അഗർവാൾ ആണ് ഈ പോസ്റ്റ് ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്.

പങ്കജ് എന്ന യുവാവിനെ കുറിച്ചാണ് മായങ്കിന്റെ പോസ്റ്റ്. തന്റെ രണ്ട് വയസുള്ള മകൾ ടുൻ ടുന്നുമായിട്ടാണ് പങ്കജ് സ്വി​ഗി ഡെലിവറിക്ക് പോകുന്നത് എന്നും പോസ്റ്റിൽ പറയുന്നു. വളരെ പെട്ടെന്നാണ് മായങ്കിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയത്.

പങ്കജ് ഭക്ഷണവുമായി എത്തിയപ്പോൾ മായങ്ക് ആദ്യം കരുതിയത് അയാളോട് സ്റ്റെപ്പുകൾ ക​യറി മുകളിലേക്ക് വരാൻ പറയാനാണ്. എന്നാൽ, ഫോണിലൂടെ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ മായങ്ക് തന്റെ തീരുമാനം മാറ്റി. പങ്കജിനെ കണ്ടപ്പോഴാണ് അയാൾ തന്റെ ചെറിയ കുട്ടിയുമായിട്ടാണ് ഫുഡ് ഡെലിവറിക്ക് പോകുന്നത് എന്ന് മായങ്ക് മനസിലാക്കുന്നത്. കുഞ്ഞിന്റെ അമ്മ പ്രസവത്തോടെ മരിച്ചുപോയി. അവളുടെ ചേട്ടനാവട്ടെ ഈവനിം​ഗ് ക്ലാസും ഉണ്ട്.

അതിനാൽ കുഞ്ഞിനെ തനിക്കൊപ്പം കൂട്ടുക എന്നല്ലാതെ പങ്കജിന് മറ്റ് മാർ​ഗങ്ങളില്ല. അതേസമയം, ചിലരൊക്കെ കുഞ്ഞുമായി പോകുന്നതിന് പങ്കജിനെ കുറ്റപ്പെടുത്താറുമുണ്ട് എന്നും മായങ്ക് പറയുന്നു.

പങ്കജും അയാളുടെ രണ്ട് വയസ് മാത്രമുള്ള മകളും ശരിക്കും പ്രചോദനം നൽകുന്നു എന്നാണ് മായങ്ക് പറയുന്നത്. അതേസമയം മായങ്കിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. അവർക്കുള്ള മറുപടി മായങ്ക് പിന്നീട് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.

പങ്കജിന്റെ കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരോട് മായങ്ക് പറയുന്നത്, അത് പങ്കജിന്റെ തെരഞ്ഞെടുപ്പല്ല, മറിച്ച് അയാൾക്ക് വേറെ വഴികൾ ഇല്ലാഞ്ഞിട്ടാണ് എന്നാണ്.

അതേസമയം, ഒരുപാട് പൊസിറ്റീവ് കമന്റുകളും പോസ്റ്റിന് വന്നിട്ടുണ്ട്. താൻ പങ്കജിന്റെ അനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ ചിത്രവും അനുഭവവും പങ്കുവച്ചത് എന്നും മായങ്ക് പറയുന്നു. ഒരുപാടുപേർ പങ്കജിനെ സഹായിക്കാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചതോടെ അയാളുടെ അക്കൗണ്ട് വിവരങ്ങളും മായങ്ക് ഷെയർ ചെയ്തിട്ടുണ്ട്. ഫോൺ നമ്പർ വേണ്ടവരോട് ഡയറക്ട് മെസ്സേജ് അയക്കൂ എന്നും മായങ്ക് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *