Your Image Description Your Image Description

വിക്ടോറിയ: വിക്ടോറിയയിൽ ബ്ലൂ ഗം മരങ്ങൾ വ്യാപകമായി വെട്ടിനിരത്തുന്നത് കാരണം കൊവാലകൾ ചത്തൊടുങ്ങുകയാണ്. പൂർണമായും യൂക്കാലിപ്റ്റ്സ് ഇനത്തിലുള്ള ബ്ലൂ ഗം മരങ്ങളെ ആശ്രയിച്ച് കഴിയുന്ന സസ്തനികളാണെന്നതാണ് കൊവാലകളെ പ്രതിസന്ധിയിലാക്കുന്നത്. ഓരോ വർഷവും ആയിരത്തോളം കൊവാലകളാണ് ബ്ലൂ ഗം മരങ്ങൾ വെട്ടുന്നത് മൂലം മറ്റ് താമസ സ്ഥലങ്ങൾ തേടേണ്ടി വരുന്നത്. വിക്ടോറിയയിൽ മാത്രം 42500 കൊവാലകൾ ജീവിക്കുന്നതായാണ് കണക്കുകൾ വിശദമാത്തുന്നത്. വടക്ക് പടിഞ്ഞാറൻ വിക്ടോറിയയിലെ ഈ മേഖലയിൽ 8000 മുതൽ 10000 വരെ ഹെക്ടറിലെ ബ്ലൂ ഗം മരങ്ങളാണ ഓരോ വർഷവും മുറിച്ച് മാറ്റുന്നത്. ആയിരക്കണക്കിന് കൊവാലകളാണ് ഇത്തരത്തിൽ ആവാസ സ്ഥലം നഷ്ടമാകുന്നത്.

മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പിന്നാലെ അടുത്ത താവളങ്ങൾ തേടി പോവുന്ന കൊവാലകളിൽ പലതും ട്രെക്കുകൾക്ക് അടിയിൽപ്പെട്ട് ചാവുകയാണ് പതിവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ചിലവ അടുത്തുള്ള മരങ്ങളിലേക്ക് ചേക്കേറും ഇവയ്ക്ക് അടുത്ത വിളവെടുപ്പ് കാലത്ത് വീണ്ടും പുതിയ താവളങ്ങൾ കണ്ടെത്തേണ്ടി വരും. കൊവാലകൾ വല്ലാത്ത സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നതെന്നാണ് ഡീകിൻ സർവ്വകലാശാലയിലെ പരിസ്ഥിതി വിദഗ്ധനായ ഡോ ഡീസ്ലി വിസോൺ വിശദമാക്കുന്നത്. ഇലകൾക്കും പൂവുകൾക്കും വേണ്ടിയാണ് ബ്ലൂ ഗം മരങ്ങൾ വ്യാപകമായി മുറിക്കുന്നത്. ന്യൂ സൌത്ത് വെയിൽസിലും ക്വീൻസ്ലാൻഡിലും കൊവാലകൾ സംരക്ഷിത മൃഗങ്ങളാണ്. എന്നാൽ വിക്ടോറിയയിൽ മരങ്ങളുടെ അഭാവം മൂലം കൊവാലകളുടെ അതിജീവനം ഏറെ ക്ലേശകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.

യൂക്കാലിപ്റ്റ്സ് മരങ്ങളെയാണ് ഭക്ഷണത്തിനായി കൊവാലകൾ ആശ്രയിക്കുന്നത്. അത് ഇല്ലാതാവുന്നതോടെ ഇവ പട്ടിണി മരണത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. പലപ്പോഴും പരിക്കേറ്റ നിലയിൽ കൊവാലകൾ മരത്തിൽ കയറുകയും പിന്നീട് ഗുരുതരാവസ്ഥയിലെത്തി അവശനിലയിലായി മരത്തിൽ നിന്ന് വീഴുന്നതോടെ മാത്രമാണ് മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ശ്രദ്ധയിൽ വരുന്നത്. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമങ്ങളും കൊവാലകൾക്ക് മരണക്കെണി ഒരുക്കുന്നുണ്ട്. 2023ൽ മാത്രം 1431 കൊവാലകളാണ് വാഹനങ്ങൾ ഇടിച്ച് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *