Your Image Description Your Image Description

കോട്ടയം: എംജി സർവകലാശാലയുടെ ബിരുദ ഫലപ്രഖ്യാപനം റെക്കോർഡ് വേ​ഗത്തിൽ. അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എസ്ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.

ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. പരീക്ഷാ ഫലം സര്‍വകലാശാലാ വെബ് സൈറ്റില്‍(www.mgu.ac.in) ലഭിക്കും.

ഈ വര്‍ഷം സംസ്ഥാനത്ത് അവസാന വര്‍ഷ ബിരുദ ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എം.ജി സര്‍വകലാശാലയാണ്.
ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന മെയ് ഏഴിന് അവസാനിച്ചു.

മെയ് ഒൻപതിനാണ് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ പൂര്‍ത്തിയായത്. കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് റെക്കോര്‍ഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്സ് പറഞ്ഞു.

2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024 ല്‍ പത്താം ദിവസവും സര്‍വകലാശാല അവസാന വര്‍ഷ ബിരുദ ഫലം പ്രസിദ്ധീകരിച്ചിരുന്നു.

അധ്യാപകരും ജീവനക്കാരും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്‍ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി. എം. ശ്രീജിത്ത് അറിയിച്ചു.

മൂല്യനിര്‍ണയ ജോലികള്‍ ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *