Your Image Description Your Image Description

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദികളും ഗുണ്ടകളുമുള്‍പ്പെടെയുള്ള കുപ്രസിദ്ധരായ തടവുകാരെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വിവിധ തലങ്ങളിലുള്ള സുരക്ഷാ പരിശോധനകള്‍, കൂടുതല്‍ സിസിടിവി നിരീക്ഷണം, കര്‍ശന നിരീക്ഷണ പ്രോട്ടോക്കോളുകള്‍ എന്നിവയാണ് അധിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പൂര്‍ണമായ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്. പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ മുഴുവന്‍ സമയ സുരക്ഷാ പരിശോധനയും കൂടുതല്‍ ശക്തമാക്കി’ -ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. .

ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ തിഹാര്‍ ജയിലില്‍ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവുര്‍ റാണ, ഛോട്ടാ രാജന്‍, നീരജ് ബവാന തുടങ്ങിയ നിരവധി കുപ്രസിദ്ധ തടവുകാരുണ്ട്. ഇവരെ പ്രത്യേക ഹൈ റിസ്‌ക് സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ സെല്ലുകള്‍ ഇപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിരീക്ഷണത്തിലാണ്. ജയിലില്‍ നിന്നുള്ള അനധികൃത ആശയവിനിമയം തടയാനുള്ള ശ്രമങ്ങളും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. മൊബൈല്‍ സിഗ്‌നല്‍ ജാമറുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും ആവശ്യമായവ നവീകരിക്കുകയും ചെയ്തു.

‘ജയിലിലെ അപ്രതീക്ഷിത പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ജയില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രശ്‌ന സാധ്യതയുള്ള ബാരക്കുകളില്‍ ദിവസേന കുറഞ്ഞത് മൂന്ന് തവണയെങ്കിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. രാത്രിയില്‍ ചുമതലയുള്ള ജയില്‍ ജീവനക്കാരുടെ വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. തടവുകാരുടെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. ഇതിന് പുറമെ ജയിലിലെ ആഭ്യന്തര ഇന്റലിജന്‍സ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കി. സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍ഫോര്‍മര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിഹാര്‍ ജയില്‍ അധികൃതരും പുറത്തുള്ള സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള ഏകോപനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജയില്‍ സുരക്ഷ മറികടന്നുള്ള എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടാകാതിരിക്കാന്‍ പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലുമായും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായും പതിവായി വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമഗ്രമായ അവലോകനം നടത്തി സാഹചര്യം വിലയിരുത്തുന്നതു വരെ ഇപ്പോഴത്തെ അധിക സുരക്ഷാ നടപടികള്‍ തുടരുമെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. 1958-ല്‍ സ്ഥാപിതമായ തിഹാര്‍ ജയില്‍ സമുച്ചയത്തിന് 400 ഏക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുകയാണ്. റോഹിണിയിലെ ഒരു ജയിലും മണ്ഡോളിയിലെ ആറ് ജയിലുകളുമാണ് തിഹാറില്‍ ഉള്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *