Your Image Description Your Image Description

ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു നാരങ്ങ വെള്ളമോ കരിമ്പിൻ ജൂസോ കുടിക്കാത്തവരായി ആരും കാണില്ല. വേനൽ കനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളിൽ എല്ലാം ശീതളപാനീയ കടകളുമുണ്ട്. ഇവിടങ്ങളിൽ നിന്ന് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്പിൻ ജ്യൂസ്, കുലുക്കി സർബത്ത്, പച്ചമോര് തുടങ്ങിയവയുടെ വില്പന കേന്ദ്രങ്ങളാണ് പ്രധാനമായും തുറന്നിരിക്കുന്നത്. ഇതിൽ കരിമ്പിൻ ജ്യൂസ് വളരെയധികം അപകടം നിറഞ്ഞതാണ്.

പല കരിമ്പിൻ ജ്യൂസ് വില്പന കേന്ദ്രങ്ങളിലും റോഡിൽ നിന്ന് ഉയരുന്ന പൊടി പടലങ്ങൾക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്. റോഡരികിൽ തുറന്ന സ്ഥലങ്ങളിലാണ് കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്പും സൂക്ഷിക്കുന്നത്. മുമ്പ് തമിഴ് സംഘങ്ങളായിരുന്നു കടകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റ് അന്യസംസ്ഥാനക്കാരും സജീവമാണ്. അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ല. ഒരാൾ ഉപയോഗിച്ച ഗ്ലാസുകൾ കഴുകുന്നതിലുൾപ്പെടെ ശുചിത്വം പാലിക്കുന്നില്ല. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകളും മറ്റ് ഉത്പന്നങ്ങളും ചേർത്ത് വിവിധ പേരുകളിൽ കുലുക്കി സർബത്തുകളും വില്പന നടത്തുന്നുണ്ട്.

മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീർത്തും അനാരോഗ്യകരമായ സാഹചര്യമാണ്. ദാഹശമനത്തിന് നല്ലതായ നാടൻ മോര് പോലും തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളിൽ എത്തിച്ചാണ് പലയിടത്തും വില്പന. ഭക്ഷണ വില്പനശാലകൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ പലതിനും ആവശ്യമായ രേഖകളില്ല. ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വിൽക്കുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *