Your Image Description Your Image Description

കൊൽക്കത്ത: മരുന്ന് കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ വയോധിക സമയോചിത ഇടപെടൽ കാരണം രക്ഷപെട്ടു. കൊൽക്കത്തയയിലെ ജാദവ്പൂരിലാണ് സംഭവം. 68 വയസുകാരിയായ ലഹാഷോ ദേവിയാണ് രാവിലെ ഗുളിക കഴിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് കുടുങ്ങിയത്. ഇവരെ ഉടൻ കെപിസി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

ആശുപത്രിയിൽ എത്തുമ്പോൾ ശ്വാസമെടുക്കാൻ കഴിയാതെ ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു രോഗിയെന്ന് ഡോക്ടർമാർ പറഞ്ഞു. കുപ്പിയുടെ അടപ്പാണ് തൊണ്ടയിൽ കുടുങ്ങിയതെന്ന് അപ്പോഴും ഇവർക്ക് മനസിലായില്ല. കഴിച്ച ഗുളികളിലൊന്ന് തൊണ്ടയിൽ കുരുങ്ങിയിരിക്കുകയാണെന്നാണ് കരുതിയത്. അടിയന്തിര എൻഡോസ്കോപ്പി പരിശോധന നടത്തിയപ്പോഴാണ് നീല നിറത്തിലുള്ള പ്ലാസ്റ്റിക് അടപ്പ് തൊണ്ടയിൽ കണ്ടെത്തിയത്. ശ്വാസനാളം ഏതാണ്ട് പൂർണമായും അടയുന്ന നിലയിൽ അപകടകരമായാണ് ഇത് തൊണ്ടയിൽ കുരുങ്ങിയിരുന്നതും. ഏതാനും മിനിറ്റുകൾക്കകം തന്നെ ശ്വാസതടസവും ഹൃദയസ്തംഭനവും സംഭവിച്ച് രോഗി അപകടത്തിലാവാൻ സാധ്യതയുണ്ടായിരുന്നെന്നും മിനിറ്റുകൾക്കകം രോഗിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതാണ് തുണയായതെന്നും ചികിത്സിച്ച ഇ.എൻ.ടി സർജൻ ഡോ. ദ്വയ്‍പയാൻ മുഖർജി പറഞ്ഞു.

എമർജൻസി ലാരിങ്കോസ്കോപ്പി സർജറിയിലൂടെ ഡോക്ടർമാർ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ നിന്ന് പുറത്തെടുത്തു. ഇതോടെ ശ്വാസ തടസം മാറി രോഗി സാധാരണ നിലയിലായെന്നും അണുബാധ ഉണ്ടാവുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരാൻ നി‍ർദേശിച്ചതായും ഡോക്ടർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *