Your Image Description Your Image Description

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട കൂടുതല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ പാക് ഭീകരസംഘടനകളുടെ പ്രധാന ക്യാമ്പുകള്‍ക്ക് നേരേയായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മെയ് ഏഴാം തീയതി പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേനകള്‍ സംയുക്തമായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായ ഇന്ത്യയുടെ തിരിച്ചടിയിൽ മസൂദ് അസറിന്റെ ബന്ധുക്കളടക്കമുള്ള 5 കൊടുംഭീകരർ കൊല്ലപ്പെട്ടു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്ത വിവരങ്ങൾ അനുസരിച്ച് മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സന്‍ ഖാന്‍ തുടങ്ങിയ കൊടുംഭീകരര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജമ്മു കശ്മീരിലെ വിവിധ ഭീകരാക്രമണങ്ങളിലടക്കം പ്രധാനപങ്കുള്ളവരാണ് ഇവര്‍.

മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍

ലഷ്‌കറെ തൊയ്ബയുടെ പ്രധാന നേതാക്കളിലൊരാളായ മുദസ്സര്‍ ഖദിയാന്‍ ഖാസ് മെയ് ഏഴാം തീയതി ഇന്ത്യന്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട്‌ചെയ്തത്. ഇയാളുടെ അന്ത്യകര്‍മങ്ങള്‍ നടന്നത് പാകിസ്താനിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചായിരുന്നു. ആഗോള ഭീകരനായ ഹാഫിസ് അബ്ദുള്‍ റൗഫാണ് ഇയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പാക് സൈന്യത്തിലെ ലെഫ്. ജനറല്‍, പഞ്ചാബ് പ്രവിശ്യയിലെ പോലീസ് ഐജി തുടങ്ങിയവരും ഇയാളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.

ഹാഫിസ് മുഹമ്മദ് ജമീല്‍

ജെയ്‌ഷെ മുഹമ്മദിന്റെ കൊടുംഭീകരനാണ് ഹാഫിസ് മുഹമ്മദ് ജമീല്‍. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുകൂടിയാണ് ഇയാള്‍.

മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി

ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളാണ് മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി. മസൂദ് അസറിന്റെ ബന്ധുവുമാണ് ഇയാള്‍. കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രധാന പ്രതികളിലൊരാള്‍ കൂടിയാണ് മുഹമ്മദ് യൂസഫ് അസര്‍.

ഖാലിദ് എന്ന അബു അഖാശ

ലഷ്‌കറെ തൊയ്ബയുടെ പ്രധാന നേതാവ്. ജമ്മുകശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്ക്. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ആയുധക്കടത്തിലും പ്രധാനി. ഓപ്പറേഷനില്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഖാലിദിന്റെ ഫൈസലാബാദില്‍ നടന്ന സംസ്‌കാരചടങ്ങില്‍ പാക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

മുഹമ്മദ് ഹസ്സന്‍ ഖാന്‍

ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ കൂടിയാണ് ഭീകരനായ മുഹമ്മദ് ഹസ്സന്‍ ഖാന്‍. പാക് അധീന കശ്മീരിലെ ജെയ്‌ഷെ കമാന്‍ഡര്‍മാരില്‍ പ്രധാനിയാണ് അസ്ഗര്‍ ഖാന്‍. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് മുഹമ്മദ് ഹസ്സന്‍ ഖാന്‍ ആണെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കുകയായിരുന്നു. ഇന്ത്യ അതിനെ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. അതേസമയം, പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ–വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സൈനിക നടപടികൾ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വിശദീകരിച്ചു.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്ന് വിക്രം മിശ്രി പറഞ്ഞു. പാകിസ്ഥാൻ ബോധപൂർവം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടെന്നാണ് സേന പറയുന്നത്. കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചെന്നും സൈന്യം വെളിപ്പെടുത്തി. എന്നാൽ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയൻ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു. ഇന്ത്യ ലക്ഷ്യമിട്ടെത്തിയ പാക് മിസൈലുകൾ വീഴ്ത്തിയെന്ന് കേണൽ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചു. ചില വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടം ഉണ്ട്. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ലക്ഷ്യമിട്ടു. പക്ഷേ അവർ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *