Your Image Description Your Image Description

യാത്ര പ്രേമികൾക്കിടയിൽ ട്രെൻഡായി മാറുകയാണ് ടുറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്ന കാരവൻ ടൂറിസം. ആലപ്പുഴ ബീച്ചിൽ ഒരുക്കിയ കാരവനിൽ പ്രവേശിക്കാം. അടുത്തറിയാം. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന മേളയിൽ എത്തുന്നവർക്ക് കാരവനിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. കേരള സർക്കാരിന്റെ വിനോദസഞ്ചാരസാധ്യതകൾ വാനോളം ഉയർത്തി മേളയുടെ പ്രവേശന കവാടത്തിനു മുൻപിൽ തന്നെയാണ് ടൂറിസം വകുപ്പിൻ്റെ കാരവൻ സ്ഥാനം പിടിച്ചിരിക്കുന്നത്. സന്ദർശകർക്ക് ഇവിടെയെത്തി വാഹനത്തിനുള്ളിലെ സൗകര്യങ്ങൾ മനസ്സിലാക്കാം.

ഒരു കുടുംബത്തിലെ നാലുപേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന തരത്തിലാണ് വനാനി കാരവൻ പാർക്ക് എന്ന സ്ഥാപനം കാരവൻ രൂപകല്പന ചെയ്തിരിക്കുന്നത്. ശീതീകരിച്ച ലിവിങ് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അവശ്യ ഉപകരണങ്ങളോടുകൂടിയ അടുക്കള, കുളിമുറി, വിശാലമായ കിടപ്പുമുറി, ബർത്തുകൾ, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, കബോർഡുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. 360 ഡിഗ്രിയിൽ കറങ്ങുന്ന ഹീറ്റിംഗ്, മസാജിംഗ് എന്നീ സംവിധാനങ്ങളോട് കൂടിയ സീറ്റുകൾ കാരവന്റെ പ്രത്യേകതയാണ്. ഇതേ സീറ്റ് ഫ്ലാറ്റ് ബെഡിന്റെ രൂപത്തിലേക്കും മാറ്റാം. 55 ഇഞ്ച് എൽഇഡി ടിവിയാണ് ഇതിലെ മറ്റൊരു പ്രത്യേകത. ഡ്രൈവറും കോ ഡ്രൈവറുമടക്കം രണ്ട് ജീവനക്കാരാണുള്ളത്. യാത്രകളിൽ വ്യത്യസ്തതകൾ ഇഷ്ടപ്പെടുന്നവർക്ക് കാരവൻ ടൂറിസം സമ്മാനിക്കുന്ന അനുഭവം നേരിട്ട് അറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തിയാൽ മതി. മെയ് 12 വരെ സന്ദർശകർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *