Your Image Description Your Image Description

ആലപ്പുഴ : സംസ്ഥാനത്ത് അതിദരിദ്രർ എന്ന വിഭാഗം ഇല്ലാതാകുമെന്നും 2025 നവംബർ ഒന്നാം തീയതി മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികം ‘എന്റെ കേരളം’ പ്രദർശന-വിപണന മേള ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ അതിദാരിദ്ര്യത്തെ പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.

ഭവനരഹിതർക്ക് വീടും സ്ഥലവും നൽകിയും മുന്നോട്ടുള്ള ജീവിതത്തിനായുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചും കൃത്യതയാർന്ന വിവരശേഖരണം നടത്തിയുമാണ് കേരളം പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തുന്നത്.1957 ൽ ഇ എം എസ് സർക്കാർ അധികാരത്തിലേറിയതിന്റെ ആറാം നാൾ എടുത്ത തീരുമാനം ഇന്ത്യക്കാർക്ക് ആകെ അഭിമാനമായ ഒന്നായിരുന്നു.

ഒരാളെപ്പോലും കുടിയൊഴിപ്പിക്കാൻ പാടില്ല എന്ന വിഖ്യാതമായ തീരുമാനമാണ് അന്ന് കൈക്കൊണ്ടത്. അന്നുമുതൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ഒപ്പമുണ്ട്. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ കടമെടുക്കുന്നതിൽ അവഗണനയും കൊടിയ അനീതിയുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.കേരളത്തിനു മുന്നിൽ മാത്രം നിബന്ധനയുടെ മതിലുകൾ പടുത്തുയർത്തിക്കൊണ്ട് പ്രത്യേക നിലപാടുകളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുന്നത് കേരളത്തിലാണ്. ജില്ലയിലെ താലൂക്ക് ആശുപത്രികൾ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ബഹുനില കെട്ടിടങ്ങളോടെ അടിമുടി മാറി എന്നും മന്ത്രി പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ വിഴിഞ്ഞം പദ്ധതി ഏറ്റവും വലിയ നേട്ടമായി നിലകൊള്ളുന്നു. 63% തുകയാണ് സംസ്ഥാന സർക്കാർ ഇതിനായി മുടക്കിയത്. 2048 ൽ യാഥാർത്ഥ്യമാക്കേണ്ട പദ്ധതി 2025ൽ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ സാധിച്ചത് കേരളത്തിന് അഭിമാനകരമായ നേട്ടമാണ്. എന്റെ കേരളം അഭിമാന കേരളം എന്നും വികസന കേരളം എന്നും പറയുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള തെളിവുകൾ എന്റെ കേരളം പ്രദർശന വിപണന മേളയിലെ പവലിയനുകളിൽ പൊതുജനങ്ങൾക്ക് കാണുവാൻ സാധിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

നാല് ഹാർബറുകളുള്ള ജില്ലയായി ആലപ്പുഴ മാറും- മന്ത്രി സജി ചെറിയാൻഈ സർക്കാറിന്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് നാല് ഹാർബറുകളുള്ള ജില്ലയായി ആലപ്പുഴ മാറുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ നാലുവർഷം സർക്കാർ ഏറ്റെടുത്ത പദ്ധതികളുടെ ഇന്നത്തെ അവസ്ഥ അവ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത വിശകലനം ചെയ്യുന്നതിന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് അവലോകനയോഗം ചേരും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും വകുപ്പ് തലവന്മാരും ജില്ലാ കളക്ടർമാരും ഈ റിവ്യൂ മീറ്റിങ്ങിൽ പങ്കെടുക്കും.നേട്ടങ്ങൾ ആഘോഷിക്കുക മാത്രമല്ല നിർദേശിക്കപ്പെട്ട പ്രവർത്തികൾ സമയബന്ധിതമായി ഈ ഒരു വർഷംകൊണ്ട് പൂർത്തീകരിക്കാനുള്ള ഇടപെടലുകൾ കൂടി സർക്കാർ നടത്തുകയാണ്-മന്ത്രി സജി ചെറിയാൻ പറഞ്ഞു.

എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം,എം എസ് അരുൺകുമാർ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്,സബ് കളക്ടർ സമീർ കിഷൻ,കെഎൽഡിസി ചെയർമാൻ വി പി സത്യനേശൻ , എഡിഎം ആശ സി എബ്രഹാം, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *