Your Image Description Your Image Description

തിരുവനന്തപുരം ; കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.

സംശുദ്ധമായ കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ തുടക്കമിട്ട പദ്ധതിയാണ് കേരള ചിക്കന്‍. ആരംഭിച്ച് ആറ് വർഷം കൊണ്ട് അദ്ഭുതകരമായ നേട്ടങ്ങളാണ് കേരള ചിക്കൻ സ്വന്തമാക്കിയത്. ‍ഇന്ന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ 8% വും ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതി മുഖേനയാണ്.

450 ഫാമുകളും 139 ഔട്ട്ലറ്റുകളും പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനും കഴിയുന്നു. കേരള ചിക്കൻ ഫ്രോസണ്‍ ചിക്കന്‍ കറി കട്ടും വിപണിയിലെത്തിച്ചു. നിലവിൽ പതിനൊന്ന് ജില്ലകളിലാണ് കേരളാ ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്നത്, ബാക്കിയുള്ള ജില്ലകളിലേക്കും ഈ സാമ്പത്തിക വർഷം തന്നെ വ്യാപിപ്പിക്കും.മീറ്റ് ഓൺ വീൽസ് എന്ന പേരിൽ മൊബൈൽ വിൽപ്പനശാലകളുടെ നടത്തിപ്പ് പ്രവർത്തനങ്ങളിലാണ് സർക്കാർ.

2019ൽ ആരംഭിച്ച പദ്ധതി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ(കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഉത്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.
കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഇന്റഗ്രേഷൻ അഥവ കോൺട്രാക്ട് ഫാമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകി, വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കേരളചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിപണനം നടത്തുന്നു.

സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും, കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും, കേരളത്തിലെ ആഭ്യന്തരവിപണിയുടെ 50 % ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാകുന്ന മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *