Your Image Description Your Image Description

കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കുരുങ്ങി വനംവകുപ്പ്. പോലീസ് പരിശോധനയിലാണ് ഒന്‍പത് ഗ്രാം കഞ്ചാവുമായി വേടന്‍ പിടിയിലാകുന്നത്. തുടർന്ന് മാലയിലെ പുലിപ്പല്ല് ശ്രദ്ധയിൽപെടുകയും കേസ് വനം വകുപ്പിന് കൈമാറുകയുമായിരുന്നു. വനംവകുപ്പിന്റെ കൊച്ചിയിലെ ഫ്‌ലയിങ് സ്‌ക്വാഡിനെ പോലീസ് വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന് വ്യക്തമായി. വനംവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥരുമെത്തിയിരുന്നു. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുന്നു. എന്നാൽ, വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുൾപ്പെടെ വേടന് പിന്തുണയുമായി എത്തിയതോടെ ഉദ്യോഗസ്ഥർ ആകെ കുഴഞ്ഞു. കേസെടുക്കുന്നതില്‍ തിടുക്കം കൂടിയെന്ന പരാമര്‍ശം തുടക്കംമുതലേ വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. എന്നാല്‍, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നിയമാനുസൃതമെന്ന് വനംവകുപ്പ് മേധാവി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെ ആ പ്രശ്‌നങ്ങളൊന്നൊതുങ്ങി.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അതിരുവിട്ടുവെന്ന വിഷയത്തില്‍ നടപടിക്ക് സാധ്യതയുണ്ട്. ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വനംവകുപ്പ് മേധാവി സൂചിപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം അംഗീകരിക്കത്തക്കതല്ലെന്നും സര്‍ക്കാരിന്റെ അനുമതി കൂടാതെ ഇത്തരത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും നേരത്തേ വനം മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. അതീഷ് ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടിയതായാണ് സൂചന.

വനം വകുപ്പിന്റെ വാദങ്ങൾ കോടതിയും ജാമ്യവേളയിൽ തള്ളിയിരുന്നു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിലാണ് കോടതി ജാമ്യം നൽകിയത്. തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കഞ്ചാവ് കേസിൽ വേടന് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ശ്രീലങ്കൻ വംശജനായ വിദേശ പൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടൻറെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ വച്ചാണ് ഇത് രൂപ മാറ്റം വരുത്തിയത്. ഇതിനുശേഷമാണ് മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *