Your Image Description Your Image Description

സ്‌കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ശമ്പളത്തില്‍ നിന്ന് ടിഡിഎസ് ഈടാക്കാമെന്ന് വിധിച്ചത്. ഇത് ശരിവച്ചു കൊണ്ടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെ പുതിയ വിധി. സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നല്‍കുന്ന ശമ്പളത്തിന് ആദായനികുതി ബാധകമാണെന്ന മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചിരുന്നു.

ശമ്പളം വാങ്ങുന്ന വ്യക്തികള്‍ ആദായ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്. മതപരമായ കാരണങ്ങളുടെ പേരില്‍ ഇളവ് അനുവദിക്കാൻ കഴിയില്ല. വൈദികരും കന്യാസ്ത്രീകളും ശമ്പളം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല, മറിച്ച് സമൂഹ നന്മയ്ക്കായാണ് വിനിയോഗിക്കുന്നത് എന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. അധ്യാപകരായ കന്യാസ്ത്രീകളെയും വൈദികരെയും ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നടക്കം വന്ന 93 ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സുപ്രിംകോടതിയുടെ സുപ്രധാന വിധി. വൈദികരോ കന്യാസ്ത്രീകളോ ആരായാലും ശമ്പളം വാങ്ങുന്ന ഏതൊരു വ്യക്തിയും നികുതി നല്‍കണമെന്ന സുപ്രീം കോടതി വിധി ആവര്‍ത്തിച്ചു കൊണ്ടാണ് റിവ്യൂ പെറ്റീഷന്‍ തള്ളിക്കൊണ്ട് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *