Your Image Description Your Image Description

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയെ അഴകുകൊണ്ട് ഞെട്ടിക്കാനെത്തിയ വാഹനമായിരുന്നു ടാറ്റയുടെ അള്‍ട്രോസ്. എതിരാളികള്‍ക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന ഈ വാഹനം ഒരുവേള പെര്‍ഫോമെന്‍സ് മോഡലിന്റെ കുപ്പായവും അണിഞ്ഞിരുന്നു. 2020-ല്‍ നിരത്തുകളില്‍ എത്തിയ ഈ വാഹനം ആദ്യ മുഖംമിനുക്കലിനുള്ള തയാറെടുപ്പിലാണ്. മെയ് മാസം അവസാനത്തോടെ വരവിനൊരുങ്ങുന്ന പുതിയ അള്‍ട്രോസിന്റെ ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സ് പങ്കുവെച്ചിരിക്കുന്ന ടീസര്‍ വീഡിയോ അനുസരിച്ച് പ്രീമിയം ഭാവങ്ങളോടെയാണ് പുതിയ അള്‍ട്രോസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഇല്ലുമിനേറ്റഡ് ലൈറ്റുകള്‍, സ്ക്വയര്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പും, ത്രീ ഡി ഗ്രില്ല്, സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബമ്പര്‍ എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലാണ് വശങ്ങളിലെ പുതുമ. റിയര്‍ വ്യൂ മിററിന്റെ ഡിസൈനിലും പ്രീമിയം ഭാവം നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്തും കാര്യമായ അഴിച്ചുപണിയാണ് നിര്‍മാതാക്കള്‍ വരുത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി എല്‍ഇഡി ടെയ്ല്‍ലാമ്പ് എന്ന ടാറ്റ മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്ന കണക്ടഡ് ലൈറ്റ് സംവിധാനമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ് ഫൈബര്‍ ഉള്‍പ്പെടെ നല്‍കി അലങ്കരിച്ചിരിക്കുന്ന ബമ്പറാണ് പിന്‍ഭാഗത്തുള്ളത്. സില്‍വര്‍ ഫിനീഷിങ് അള്‍ട്രോസ് ബാഡ്ജിങ്, ടാറ്റയുടെ ത്രീ ഡി ലോഗോ എന്നിവയാണ് പിന്‍ഭാഗത്ത് വരുത്തിയിയിരിക്കുന്ന ഡിസൈന്‍ പുതുമകള്‍. പുതിയ അള്‍ട്രോസിന്റെ ഇന്റീരിയര്‍ സംബന്ധിച്ച സൂചനകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ടാറ്റ മോട്ടോഴ്‌സ് ഏറ്റുമൊടുവില്‍ വിപണിയില്‍ എത്തിച്ച നെക്‌സോണ്‍, കര്‍വ് തുടങ്ങിയ മോഡലുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായായിരിക്കും പുതിയ അള്‍ട്രോസിന്റെ അകത്തളവും ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറുകളും ഈ വരവില്‍ അള്‍ട്രോസില്‍ നല്‍കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍. മെക്കാനിക്കല്‍ ഫീച്ചറുകളും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ടാറ്റയുടെ 1.2 റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ ഐ-ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഈ മോഡല്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. 1.2 ലിറ്റര്‍ റെവോട്രോണ്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 108 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ടര്‍ബോ എന്‍ജിന്റെ കരുത്ത്. ഡീസല്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും.

Leave a Reply

Your email address will not be published. Required fields are marked *