Your Image Description Your Image Description

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെ പിന്തുണച്ച ചൈനയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് നടന്‍ മുകേഷ് ഖന്ന. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് നഗ്നമായ കാപട്യം എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്.

‘എന്തൊരു തമാശ! പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് ചൈന പറയുന്നത്. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ചൈന എപ്പോഴും പാകിസ്ഥാനെ പിന്തുണയ്ക്കും എന്നാണ് ഈ മേഖലയില്‍ നിരന്തരം അസ്വസ്ഥത പടര്‍ത്തുന്ന ചൈന പറയുന്നത്. ഇതിനേക്കാള്‍ തമാശ വേറെയുണ്ടോ’ എന്നാണ് മുകേഷ് ഖന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഏപ്രില്‍ 27-നാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന വ്യക്തമാക്കിയത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞിരുന്നു. ഇന്ത്യ-പാക് സ്ഥിതിഗതികൾ സംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണിൽ സംസാരിച്ചിരുന്നു.

ഏപ്രില്‍ 22-നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പൈന്‍മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *