Your Image Description Your Image Description
Your Image Alt Text

ഗാസയില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെക്കൂടുതലാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഗാസയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇസ്രയേലിലെത്തിയ ബ്ലിങ്കന്‍ പറഞ്ഞു. ജറുസലേമില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ബ്ലിങ്കന്റെ പ്രതികരണം.

ഒക്ടോബര്‍ ഏഴ് ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ദൗത്യത്തില്‍ അവരോടൊപ്പമാണ് അമേരിക്ക നിലകൊള്ളുന്നതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ബ്ലിങ്കന്‍, സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം ആരംഭിച്ചശേഷം പശ്ചിമേഷ്യയിലേക്ക് ആന്റണി ബ്ലിങ്കന്‍ നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണിത്.

പലസ്തീനികള്‍ക്ക് ഫലപ്രദമായി സ്വയംഭരണം നടത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന നടപടികള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എല്ലാവിധ നിയമപരിരക്ഷയോടും കൂടി നടക്കുന്ന കുടിയേറ്റ ആക്രമണങ്ങള്‍, സെറ്റില്‍മെന്റ് വിപുലീകരണം കുടിയൊഴിപ്പിക്കല്‍ എന്നീ നടപടികള്‍ മുഴുവനായി നിര്‍ത്തിവയ്ക്കണമെന്നാണ് ബ്ലിങ്കന്റെ നിര്‍ദേശം.

ഇങ്ങനെയുള്ള പ്രവൃത്തികളാണ് ഇസ്രയേലിന്റെ ശാശ്വത സമാധാനം കൈവരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസ മുനമ്പില്‍നിന്ന് പലസ്തീനികളെ സ്ഥിരമായി കുടിയിറക്കാനുള്ള ഏതൊരു പദ്ധതിയും അമേരിക്ക നിരസിക്കുന്നതായും ബ്ലിങ്കന്‍ ആവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *