Your Image Description Your Image Description

2025 ഏപ്രിൽ മാസത്തെ വിൽപ്പന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും മാരുതി സുസുക്കിക്ക് സന്തോഷിക്കാവുന്നതാണ് ഫലം. 2025 ഏപ്രിലിൽ ആകെ 1,79,791 കാറുകളുടെ വിൽപ്പനയാണ് മാരുതി സുസുക്കിയെ തേടിയെത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 1,68,089 യൂണിറ്റുകളെ അപേക്ഷിച്ച് കച്ചോടം ഏഴ് ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച 1,42,053 യൂണിറ്റുകളും ടൊയോട്ടയ്ക്ക് അയച്ച 9,827 യൂണിറ്റുകളും വിദേശ വിപണി കയറ്റുമതി ചെയ്ത 27,911 വാഹനങ്ങളുടേയും ആകെ കണക്കാണ് 1.79 ലക്ഷം എന്നത്. ആഭ്യന്തര വാഹന വിപണിയിൽ ആകെ 1,38,704 യൂണിറ്റുകളാണ് 2025 ഏപ്രിൽ മാസം നിരത്തിലെത്തിച്ചത്. 2024 ഏപ്രിലിൽ ഇത് 1,37,952 യൂണിറ്റുകൾ ആയിരുന്നു. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിന് കാര്യമായ തിരിച്ചടി നേരിട്ടുവെന്നത് ചർച്ച ചെയ്യേണ്ട സംഗതിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ മോഡലുകളുടെ വിൽപ്പന 11,519 യൂണിറ്റായിരുന്നുവെങ്കിൽ ഇത്തവണയത് വലിയ മാർജിനിൽ ഇടിവ് രേഖപ്പെടുത്തി 6,332 യൂണിറ്റായി കുറഞ്ഞു. അതേസമയം ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ഇഗ്നിസ് തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന കോംപാക്‌ട് വിഭാഗത്തിന്റെ വിൽപ്പന 61,591 യൂണിറ്റായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ കണക്കുകകൾ 56,953 യൂണിറ്റുകളായിരുന്നു. മിനി, കോംപാക്റ്റ് മോഡലുകൾ ഒരുമിച്ച് 67,923 യൂണിറ്റുകൾ വിറ്റു. ഒരു വർഷം മുമ്പ് വിറ്റ 68,472 യൂണിറ്റുകളുമായി ചെറിയ ഇടിവുണ്ടെങ്കിലും ഏതാണ്ട് തുല്യമായി നിൽക്കുന്നത് മാരുതി സുസുക്കിയെ സംബന്ധിച്ച് ആശ്വാസകരമാണ്. മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ പുറത്തിറക്കുന്ന സിയാസിന്റെ വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ട്. 2024 ഏപ്രിലിലെ 867 യൂണിറ്റുകളിൽ നിന്ന് ഒരു വർഷം ഇപ്പുറം എത്തി നിൽക്കുമ്പോൾ സിയാസ് ഈ ഏപ്രിലിൽ 321 യൂണിറ്റുകൾ മാത്രമേ വിറ്റഴിച്ചുള്ളൂ. ഏപ്രിൽ മുതൽ വാഹനത്തിന്റെ കച്ചോടവും അവസാനിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഈ വിഭാഗങ്ങളിലെല്ലാം കൂടി ആകെ പാസഞ്ചർ കാറുകളുടെ വിൽപ്പന 68,244 യൂണിറ്റായി അവസാനിച്ചു. ഇത് 2024 ഏപ്രിലിൽ 69,339 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവ് പ്രതിഫലിക്കുന്നുണ്ട്. ഫ്രോങ്ക്സ്, ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ എന്നിവയുൾപ്പെടെ മാരുതിയുടെ എസ്‌യുവി, എംപിവി സെഗ്മെന്റിൽ 59,022 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 56,553 വാഹനങ്ങളിൽ നിന്ന് നേരിയ വർധനവാണ് ഈ വിഭാഗത്തിലുണ്ടായിരിക്കുന്നത്. ഈക്കോ വാൻ പോയ മാസം 11,438 യൂണിറ്റുകൾ വിറ്റഴിച്ച് വീണ്ടും ശക്തിയായി. എങ്കിലും 2024 ഏപ്രിലിലെ 12,060 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ലൈറ്റ് കൊമേഴ്‌സ്യൽ വിഭാഗത്തിൽ സൂപ്പർ ക്യാരി ഡിമാൻഡിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിൽപ്പന 2,496 യൂണിറ്റുകളായിരുന്നുവെങ്കിൽ ഇത്തവണയത് 3,349 യൂണിറ്റുകളിലെത്തി. പാസഞ്ചർ വാഹനങ്ങളും ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളും ഉൾപ്പെടെ ആഭ്യന്തര വിൽപ്പന 1,42,053 യൂണിറ്റുകളായി ഉയർന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 1,40,448 യൂണിറ്റുകളായിരുന്നു. ടൊയോട്ടയ്ക്ക് കൊടുത്ത വാഹനങ്ങളുടെ എണ്ണം കൂടി ചേർത്തപ്പോൾ ആഭ്യന്തര വിൽപ്പന 1,51,880 ആയി ഉയർന്നു.2024 ഏപ്രിലിൽ കയറ്റുമതി ചെയ്ത 22,160 യൂണിറ്റുകളേക്കാൾ ലാഭമുണ്ടാക്കാൻ ഇത്തവണ സാധിച്ചുവെന്ന് സാരം. സ്ഥിരമായ ആഭ്യന്തര വിൽപ്പ, കയറ്റുമതി പ്രവർത്തനങ്ങൾ എന്നിവയുടെ പിന്തുണയോടെ മാരുതി സുസുക്കി ഏപ്രിലിൽ ശക്തമായ നിലയിലാണ് കച്ചോടം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *