Your Image Description Your Image Description

നവ ദമ്പതികളുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ ക്യാമറ മോഷ്ടിക്കാൻ ശ്രമം. മോഷ്ടാക്കളെ പിടികൂടി ക്യാമറയും മറ്റും തിരിച്ചെടുത്ത ഫോട്ടോ​ഗ്രാഫർക്ക് അഭിനന്ദന പ്രവാഹം. സ്പെയിനിലെ ബാഴ്‌സലോണ സിയുറ്റാറ്റ് വെല്ല ജില്ലയിലെ അവെനിഡ ഡി ലാ കാറ്റഡ്രലിൽ അടുത്തിടെ വിവാഹം കഴിഞ്ഞ ഏഷ്യൻ ദമ്പതികളുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെയായിരുന്നു സംഭവം.

ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത് ഇഷ്ടം പോലെ ടൂറിസ്റ്റുകൾ എത്താറുണ്ട്. അടുത്തിടെ വിവാഹം കഴിഞ്ഞ ഏഷ്യൻ ദമ്പതികളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു ഇവിടുത്തെ തെരുവുകളിൽ വച്ച് ചൈനീസ് ഫോട്ടോഗ്രാഫർ. ഷൂട്ടിംഗിന്റെ തിരക്കിൽ ഇവരെല്ലാം മുഴുകിയിരിക്കവേയാണ്, മൂന്ന് അപരിചിതർ പെട്ടെന്ന് അവിടെ എത്തുകയും പ്രൊഫഷണൽ ക്യാമറ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തത്.

കള്ളന്മാർക്ക് ക്യാമറ തട്ടിയെടുക്കാൻ കഴിഞ്ഞെങ്കിലും ഫോട്ടോഗ്രാഫർ ഉടനെ തന്നെ പ്രതികരിക്കുകയായിരുന്നു. അയാൾ കള്ളന്മാരിൽ ഒരാളെ പിടികൂടി നിലത്ത് വലിച്ചിട്ടു. ആ സമയത്ത് മറ്റ് രണ്ടുപേർ പെട്ടെന്ന് ഓടി രക്ഷപ്പെട്ടു.

അപ്പോൾത്തന്നെ ദൃക്‌സാക്ഷികൾ കറ്റാലൻ പൊലീസിനെ വിളിച്ച് കവർച്ചയെ കുറിച്ച് പറയുകയായിരുന്നു. റീജിയണൽ മോട്ടോർസൈക്കിൾ ഗ്രൂപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും, ഫോട്ടോഗ്രാഫർ കള്ളനെ കീഴടക്കിയിരുന്നു.

വടക്കേ ആഫ്രിക്കൻ വംശജനായ 27 വയസ്സുള്ള ഒരാളാണ് അറസ്റ്റിലായത് എന്നും ഇയാൾക്കെതിരെ നേരത്തെ തന്നെ വിവിധ കേസുകളുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാതായ മറ്റ് രണ്ട് പ്രതികളെ കണ്ടെത്താൻ പൊലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫർക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. ക്യാമറയും മറ്റ് ഉപകരണങ്ങളും അയാൾക്ക് തിരികെ കിട്ടി. ഫോട്ടോ​ഗ്രാഫറുടെ ധീരമായ പ്രവൃത്തി കാണിക്കുന്ന വീഡിയോ ഒരു ചൈനീസ് പത്രപ്രവർത്തകനാണ് X -ൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് അതോടെ ഫോട്ടോ​ഗ്രാഫറുടെ ധീരമായ ഈ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *