Your Image Description Your Image Description

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ മലയാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വിവരമറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മർദ്ദനമേറ്റ് വഴിയിൽ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളുരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.ടാർപ്പോളിൻ ഷീറ്റ് ഇട്ട് മൂടി 2 മണിക്കൂർ ദേഹം വഴിയിൽ കിടത്തി. അസ്വഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്. കൃത്യ വിലോപത്തിനും ആൾക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. സംഭവത്തിൽ 19 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കുടുപ്പു ഭ്രത കല്ലുട്ടി ക്ഷേത്രമൈതാനത്തിന് സമീപം ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അഷ്‌റഫിനെ അടിച്ചുകൊന്നത്. ഞായറാഴ്ചയായിരുന്നു കൊലപാതകമെങ്കിലും ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടയാളെക്കുറിച്ച് സൂചന ലഭിച്ചത് ബുധനാഴ്ച പുലര്‍ച്ചെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോൾ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *