Your Image Description Your Image Description

തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. റാപ്പര്‍ വേടനെതിരായി വനം വകുപ്പ് കേസെടുത്തതിനെതിരെ ആണ് ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായെത്തിയത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം എഴുതി.

പോസ്റ്റിന്‍റെ പൂർണരൂപം
റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻറെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാൽ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കട്ടെ. എന്നാൽ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തിൽ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളിൽ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ ഉണ്ടാകും. ഇതിനേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസിൽ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്.

വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സർക്കാറിന്റെ ആവശ്യം. എന്നാൽ ഇപ്പോഴും അടുക്കളയിൽ കയറി കറിച്ചട്ടി പൊക്കാൻ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുൽസാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *